പ്രതിപക്ഷ നേതാവ് കുമാരനെല്ലൂരിൽ; പ്രതിഷേധവുമായി ഡി.വൈ.എഫ്​.ഐ നാടകീയ രംഗങ്ങൾ

കോട്ടയം: പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍റെ കുമാരനെല്ലൂർ സന്ദർശനത്തിനിടെ പ്രതിഷേധവുമായി ഡി.വൈ.എഫ്​.ഐ പ്രവർത്തകർ. കഴിഞ്ഞദിവസം രാത്രി ആക്രമിക്കപ്പെട്ട കോട്ടയം കുമാരനെല്ലൂരിലെ കോൺഗ്രസ് സ്മാരകം സന്ദർശിക്കാനാണ്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തിയത്​. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്മൃതിമണ്ഡപങ്ങളാണ്​ സി.പി.എം പ്രവർത്തകർ തകർത്തത്​. ഇവ സന്ദർശിച്ച സതീശൻ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും നടത്തി. തുടർന്ന്​ സംസാരിക്കുന്നതിനിടെയാണ്​ ഇതിനു സമീപത്ത്​ തടിച്ചുകൂടിയ ഡി.വൈ.എഫ്​ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്​. കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും സതീശൻ തടഞ്ഞു. മുദ്രാവാക്യം വിളിക്കുന്നവരെ പിടിച്ചു മാറ്റാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അക്രമികൾക്ക് സംരക്ഷണം നൽകുന്ന ജോലിയാണ് പൊലീസ് ചെയ്യുന്നത്​. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസിന്‍റെ സമരം തുടരുമെന്നും ഇ.പി. ജയരാജൻ വായ്​ പോയ കോടാലിയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട്​ 6.30ഓടെയായിരുന്നു നാടകീയസംഭവങ്ങൾ. സി.പി.എം പ്രവർത്തകരുടെ മർദനമേറ്റ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ബി. രാജനെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്, മണ്ഡലം പ്രസിഡന്‍റ്​ സാബു മാത്യു, ബ്ലോക്ക് പ്രസിഡന്‍റ്​ ടി.സി. റോയി, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം പി.ആർ. സോന, കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ്, കൗൺസിലർമാരായ എം.എ. ഷാജി, ഷൈനി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അനീഷ് പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.