സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നു മുതൽ മെഡിസെപ് -മന്ത്രി കെ.എൻ. ബാലഗോപാൽ

കോട്ടയം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ ഒന്നു മുതൽ മെഡിസെപ് ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ' വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതുവഴി നേരിട്ട് സഹായം എത്തിക്കാൻ സാധിക്കും. സർക്കാർ ജീവനക്കാരുടെ ആരോഗ്യകാര്യത്തിൽ അടക്കം കൃത്യമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ഇതിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഏകപക്ഷീയമായി പലപ്പോഴും നികുതി വർധിപ്പിക്കുകയും കുറക്കുകയും ചെയ്യുന്നുണ്ട്. ഇതിന് അനുസരിച്ച് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കാത്തത് വിമർശനത്തിന് ഇടയാക്കുന്നു. എന്നാൽ, നികുതി കുറക്കുന്നതിന്റെ ഗുണം സാധാരണക്കാർക്ക് ലഭ്യമാകണമെന്നാണ് സർക്കാർ നിലപാട്. പലപ്പോഴും കേന്ദ്ര സർക്കാർ നികുതി കുറക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് കോർപറേറ്റ് കമ്പനികൾക്കാണ്. ഈ സാഹചര്യത്തിൽ 25 ഇനങ്ങളിൽ കേരള സർക്കാർ നടത്തിയ പഠനത്തിൽ മിക്കതിനും നികുതി കുറച്ചതിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന്​ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ. നാസർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ.വി. റസൽ, ഡോ. എസ്.ആർ. മോഹനചന്ദ്രൻ, ട്രഷറർ പി.വി. ജിൻരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി യു. സലിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.