പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ ഹർത്താൽ പൂർണം

തൊടുപുഴ: സംരക്ഷിത വനമേഖലക്ക്​ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീം കോടതി വിധിക്ക് എതിരെയും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന്​ ആവശ്യപ്പെട്ടും എൽ.ഡി.എഫ്​ ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകൾ ഓടിയില്ല. എന്നാൽ, ദീർഘദൂര കെ.എസ്​.ആർ.ടി.സി ബസുകൾ സർവിസ്​ നടത്തി. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. തോട്ടം മേഖലയിൽ ​കുറഞ്ഞ തൊഴിലാളികൾ മാത്രമാണ്​ ജോലിക്കിറങ്ങിയത്​. മറയൂരിൽ അതിർത്തി കടന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അൽപസമയം ഹർത്താൽ അനുകൂലികൾ തടഞ്ഞിട്ടു. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകള്‍ വിജനമായിരുന്നു. എന്നാല്‍, കുമളി ചെക് പോസ്റ്റ് വഴി സ്വകാര്യ വാഹനങ്ങളെത്തി. കട്ടപ്പനയിൽ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ കനറാ ബാങ്കും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും കടകളും ബലമായി അടപ്പിച്ചു. പീരുമേട്ടിൽ വൻകിട തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ പതിവുപോലെ ജോലിക്കിറങ്ങി. ഇടുക്കി കലക്ടറേറ്റിൽ 124 ജീവനക്കാരിൽ 41 പേർ മാത്രമാണ് ഹാജരായത്​. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെയായിരുന്നു ഹർത്താൽ. അവശ്യസേവനങ്ങളെ ഒഴിവാക്കിയിരുന്നു. എൽ.ഡി.എഫ്​ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. ബഫർസോൺ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ആവശ്യപ്പെട്ട്​ ഈ മാസം 16ന്​ യു.ഡി.എഫും ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.