സര്‍ക്കാര്‍ വായ്പയുടെ പേരിൽ തട്ടിപ്പുനടത്തുന്ന സംഘം മുണ്ടക്കയത്ത്​

മുണ്ടക്കയം: സര്‍ക്കാര്‍ വായ്പ നല്‍കാമെന്ന്​ പറഞ്ഞു മുണ്ടക്കയത്ത് വനിതയുടെ നേതൃത്വത്തില്‍ തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി പരാതി. മുണ്ടക്കയം, പുലിക്കുന്ന്​ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് പൊടിപൊടിക്കുന്നത്. മുണ്ടക്കയം പൊലീസില്‍ തട്ടിപ്പുനടത്തിയ സ്ത്രീക്കെതിരെ നിരവധി പരാതികള്‍ എത്തിക്കഴിഞ്ഞു. പണം നഷ്ടപ്പെട്ടവരിൽ പലരും മാനഹാനി ഭയന്ന്​ വിവരം പുറത്തറിയിക്കാതിരിക്കുന്നത്​ തട്ടിപ്പുകാര്‍ക്ക്​ അനുകൂല സാഹചര്യമുണ്ടാക്കുകയാണ്​. പട്ടികവർഗ വകുപ്പിൽനിന്ന്​ കോടിക്കണക്കിനു രൂപയുടെ വായ്പ അനുവദിച്ചിട്ടു​ണ്ടെന്നു പറഞ്ഞാണ് തട്ടിപ്പുകാരി ആളുകളെ സമീപിക്കുന്നത്. വായ്പ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കു​മെന്നും പറയും. ചെലവിനായി പണം ആവശ്യമു​ണ്ടെന്നു പറഞ്ഞ്​ 1000 മുതല്‍ ലക്ഷം രൂപവരെ ഇവര്‍ പലതവണകളായി വാങ്ങിയെടുക്കും. പിന്നീട് വായ്പ ആവശ്യപ്പെടുന്നവരോട് പലകാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറും. ചിലര്‍ക്ക് വായ്പ സംബന്ധിച്ച്​ വ്യാജകരാർ തയാറാക്കി പകര്‍പ്പ്​ നല്‍കാറുമുണ്ട്. കരാറിൽ ട്രൈബല്‍ ഓഫിസര്‍ എന്ന പേരില്‍ സാക്ഷിയായി ഒപ്പുവെച്ചാണ് നല്‍കുന്നത്. എന്നാല്‍, ഇത്തരം ഒരു ട്രൈബല്‍ ഓഫിസര്‍ കാഞ്ഞിരപ്പള്ളി ഓഫിസില്‍ ജോലി ചെയ്തിട്ടുപോലുമി​ല്ലെന്ന്​ അറിയുന്നു. പുലികുന്നിലെ വീട്ടമ്മയില്‍നിന്ന്​ 15 ലക്ഷത്തോളം രൂപ നല്‍കാമെന്നു പറഞ്ഞ് നാലു ലക്ഷം രൂപ കൈക്കലാക്കിയതായി മുണ്ടക്കയം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റൊരു വീട്ടമ്മയില്‍നിന്ന്​ 9000 രൂപയും ഒരു പവന്‍ സ്വര്‍ണവും വാങ്ങിയെടുത്തു. മുണ്ടക്കയത്തെ ഒരു സ്വാശ്രയ സംഘത്തിലെ നിരവധി പേരോട് വന്‍തുക വാങ്ങിയതായി പറയുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കാമെന്നു പറഞ്ഞ്​ ടൗണിലെ തൊഴിലാളിയിൽനിന്ന്​ കൈക്കലാക്കിയത് 9000ത്തോളം രൂപയാണ്. ടൗണിലെ പ്രമുഖ ചെരിപ്പുകടയിലെത്തിയ ഇവര്‍ ജീവനക്കാരായ മൂന്നു പേരില്‍നിന്ന്​ വന്‍തുകയാണ് അഡ്വാന്‍സായി വാങ്ങിയത്​. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനോട് പലതവണയായി 45000ലധികം രൂപ വാങ്ങിയെടുത്തു. പരാതി ലഭിച്ച പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആദ്യം ഇവര്‍ തയാറായില്ല. പൊലീസ്​ കർശന നിലപാടെടുത്തതോടെ പണം തിരികെ നല്‍കാമെന്ന്​ പറഞ്ഞെങ്കിലും വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. ഇടത്വ, പത്തനാപുരം, പത്തനംതിട്ട, അടൂര്‍, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളില്‍ നിരവധിപേര്‍ ഇവരുടെ വലയിൽ വീണ്​ വഞ്ചിതരായിട്ടുണ്ട്. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.