ചരിത്രത്തിലേക്ക്​ ഡബിൾ ബെൽ അടിച്ച്​ രോഹിണി; കെ.എസ്​.ആർ.ടി.സിയിലെ ആദ്യ വനിത ഇൻസ്​പെക്ടർ

തൊടുപുഴ: കെ.എസ്​.ആർ.ടി.സിയുടെ ആദ്യ വനിത സ്​റ്റേഷൻ മാസ്റ്റർ എന്ന ബഹുമതിക്ക്​ ഉടമയായ രോഹിണി ആദ്യ വനിത ഇൻസ്​പെക്ടർ എന്ന ബഹുമതികൂടി സ്വന്തമാക്കി ചരിത്രം കുറിക്കുന്നു. അപൂർവ നേട്ടത്തിന്​ ഉടമയായ തൊടുപുഴ വഴിത്തല കണിയാംപറമ്പിൽ വീട്ടിൽ എം.ആർ. രോഹിണി എന്ന 49കാരി ബുധനാഴ്ച മുതൽ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും അഭിനന്ദന പ്രവാഹത്തിന്​ നടു​വിലാണ്​. പ്രീഡിഗ്രി പഠനം കഴിഞ്ഞ്​ തുടർച്ചയായി പി.എസ്​.സി പരീക്ഷകൾ എഴുതുന്നതിനിടെയാണ്​ കെ.എസ്​.ആർ.ടി.സിയിൽ നിയമനം ലഭിക്കുന്നത്​. 1997ൽ കണ്ടക്ടറായി​ ജോലിക്ക്​ കയറി​. തൊടുപുഴക്ക്​ പുറമെ ചെങ്ങന്നൂർ, കോട്ടയം, പിറവം ഡിപ്പോകളിലും ജോലി ചെയ്തു. 2017 മുതൽ തൊടുപുഴ ഡിപ്പോയിൽ സ്​റ്റേഷൻ മാസ്റ്ററാണ്​. കെ.എസ്​.ആർ.ടി.സിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഇങ്ങനെയൊരു അംഗീകാരം ഏറെ അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന്​ രോഹിണി പറയുന്നു. ആത്മാർഥതയുണ്ടെങ്കിൽ സ്ത്രീകൾക്കും ഈ ജോലിയിൽ തിളങ്ങാനാകും എന്നാണ്​ തന്‍റെ അനുഭവം തെളിയിക്കുന്നത്​. കുടുംബജീവിതവും ജോലിയും ഒരുമിച്ച്​ മുന്നോട്ട്​ കൊണ്ടുപോകുന്നതിൽ കാൽനൂറ്റാണ്ടിനിടയിൽ ഒരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. സ്ത്രീകളും ഇത്തരം തൊഴിൽ മേഖലകളിലേക്ക്​ കടന്നുവരണമെന്നാണ്​ രോഹിണിയുടെ അഭിപ്രായം. അപൂർവനേട്ടത്തിന്‍റെ സന്തോഷം ​തേടിയെത്തുമ്പോഴും തൊടുപുഴയിലെ ഓഫിസിൽ നൈറ്റ്​ ഡ്യൂട്ടിയുടെ തിരക്കിലായിരുന്നു രോഹിണി. തിങ്കളാഴ്ച പുനലൂർ ഡിപ്പോയിൽ ഇൻസ്​പെക്ടറായി ​ചുമതലയേൽക്കും. വഴിത്തലയിലെ ടാക്​സി ഡ്രൈവർ സുരേഷാണ്​ രോഹിണിയുടെ ഭർത്താവ്​. പ്ലസ് ​വൺ വിദ്യാർഥിനി കാർത്തികയും എട്ടാം ക്ലാസ്​ വിദ്യാർഥിനി കൃഷ്ണയുമാണ്​ മക്കൾ. ചിത്രം: TDG Rohini ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.