കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും പിടിയിൽ

പത്തനംതിട്ട: വസ്തു പോക്കുവരവ് നടത്തുന്നതിന്​ അപേക്ഷിച്ചയാളിൽനിന്ന്​ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്‍റും വിജിലൻസ് പിടിയിൽ. ചെറുകോൽ വില്ലേജ് ഓഫിസറായ രാജീവിനെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനുവിനെയുമാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. ചെറുകോൽ സ്വദേശി ഷാജിജോൺ കഴിഞ്ഞമാസം പകുതിയോടെ വില്ലേജ് ഓഫിസിൽ എത്തി വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷനൽകി. നിരവധി തവണ ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയിൽ കുറച്ച് പൈസ കരുതിക്കൊള്ളണമെന്നും പറഞ്ഞു. കഴിഞ്ഞ ശനിയാഴ്​ച വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ ജിനു കൈക്കൂലി ആവശ്യപ്പെട്ടു. 500 രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ വിസമ്മതിച്ചു. 5000 രൂപ വേണമെന്ന് വില്ലേജ് ഓഫിസർ രാജീവ് പറഞ്ഞു. തിങ്കളാഴ്ച ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് പരാതിക്കാരൻ വിളിച്ചപ്പോൾ പറഞ്ഞ കൈക്കൂലിയുമായി ബുധനാഴ്ച ഉച്ചയോടെ വില്ലേജ് ഓഫിസിൽ എത്തിയാൽ ശരിയാക്കാം എന്നറിയിച്ചു. വിവരം പരാതിക്കാരൻ പത്തനംതിട്ട യൂനിറ്റ് വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി. ബുധനാഴ്ച ഉച്ചക്ക്​ 12 ഓടെ വില്ലേജ് ഓഫിസിനകത്ത് വെച്ച് പരാതിക്കാരനിൽനിന്ന്​ ജിനുവും രാജീവും 5000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു. പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇന്‍സ്പെക്ടര്‍മാരായ രാജീവൻ, അനിൽ കുമാർ, അഷറഫ്, സബ് ഇന്‍സ്പെക്ടർ ജലാലുദ്ദീൻ റാവുത്തർ, സി.പി.ഒമാരായ രാജേഷ് കുമാർ, ഷാജി.പി.ജോൺ, ഹരിലാൽ, അനീഷ് രാമചന്ദ്രൻ, അനീഷ് മോഹൻ, ഗോപകുമാർ, ജിനു, അജീർ, അജീഷ്, രാജീവ്, വിനീത് തുടങ്ങിയവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.