ഉദ്യോഗസ്ഥരില്ലാതെ ചങ്ങനാശ്ശേരി താലൂക്ക് വികസന സമിതി യോഗം

ചങ്ങനാശ്ശേരി: താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നുവെന്നും ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നില്ലെന്നും പരാതി. ചങ്ങനാശ്ശേരി താലൂക്ക് വികസന സമിതിയോഗം മുനിസിപ്പാലിറ്റിയുടെയും നഗരത്തിലെയും കാര്യങ്ങള്‍ മാത്രം ചര്‍ച്ചചെയ്തു പോവുന്നതിലേക്ക് ചുരുങ്ങിയതായും ആക്ഷേപം ഉയര്‍ന്നു. താലൂക്കിലെ 11 പഞ്ചായത്തുകളില്‍നിന്ന്​ ഒരു മുനിസിപ്പാലിറ്റിയില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മാസത്തില്‍ ഒരു ദിവസം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടത്. പല വകുപ്പുകളില്‍നിന്ന്​ ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. ചില ഉദ്യോഗസ്ഥര്‍ പകരം കീഴ്ജീവനക്കാരെ യോഗത്തില്‍ പങ്കെടുപ്പിക്കും. എന്നാല്‍, ഇവര്‍ക്ക് ബന്ധപ്പെട്ട പരാതികള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ------- സ്കൂൾ തുറന്നിട്ടും ഇവർ ഉറക്കത്തിൽ സ്‌കൂളുകള്‍ തുറന്നിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന്​ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയതായും പരാതി ഉയര്‍ന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെയെല്ലാം സീബ്രാലൈനുകള്‍ മാഞ്ഞു. നടപ്പാതകളിലെ ടൈലുകള്‍ ഇളകി കാല്‍നട ദുഷ്‌കരമായി. നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിനു മുന്‍വശത്തും നഗരസഭക്കും സമീപത്തും വലിയ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്ക് വികസനസമിതികളില്‍ എത്താത്തതിനാല്‍ ഒരു നടപടികളും ഉണ്ടാകുന്നില്ലെന്ന്​ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വിപണനം നടക്കുന്നതായും പരാതി ഉയര്‍ന്നു. ഇതിനെതിരെ കര്‍ശന പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ---- 36 റേഷൻ കടകള്‍ക്ക് നോട്ടീസ് റേഷന്‍ കടകളിലെ മണ്ണെണ്ണ വിതരണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും റേഷന്‍ കടകളില്‍ വിലവിവര പട്ടികള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. പരിശോധനകള്‍ കര്‍ശനമാക്കിയെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയ 36 കടകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയതായും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. രാത്രിയില്‍ നഗരത്തില്‍ ഒരു മെഡിക്കല്‍ ഷോപ് എങ്കിലും തുറന്നുപ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.