വിഭജന രാഷ്ട്രീയത്തെ കേരളം തള്ളിക്കളയും -കെ.എം.വൈ.എഫ്

കോട്ടയം: മുസ്​ലിങ്ങളെയും ക്രൈസ്തവരെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിന്​ ജനങ്ങൾ നൽകിയ താക്കീതാണ്​ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ ഫലമെന്ന്​ കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. വിദ്വേഷ പ്രചാരണക്കാരെ കയറൂരി വിടുകയും അവരുടെ നുണപ്രചാരണങ്ങൾക്ക് നേരെ മൗനം അവലംബിക്കുകയും ചെയ്ത സർക്കാറിനുള്ള മുന്നറിയിപ്പ്​ കൂടിയാണ്​ ഇത്​. സംഘ്​പരിവാർ നേതാക്കൾ പ്രതികളാകുന്ന കേസുകൾ നിസ്സാര വകുപ്പുകൾ ചുമത്തി ലഘൂകരിക്കുകയും, മുസ്​ലിം സാമുദായിക സംഘടനകൾക്കെതിരെ വ്യാപകമായ വേട്ട നടത്തുകയും ചെയ്യുന്ന പൊലീസിന്‍റെ സമീപനം അംഗീകരിക്കാനാവില്ല. നെയ്യാറ്റിൻകരയിൽ ആയുധമേന്തി പ്രകടനം നടത്തിയ സംഭവത്തിൽ പൊലീസ് നടപടികൾ തൃപ്തികരമല്ല. പല വിഷയങ്ങളിലും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗൗരവകരമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ്​ ഇലവുപാലം ഷംസുദ്ദീൻ മന്നാനി അധ്യക്ഷതവഹിച്ചു. കാരാളി ഇകെ സുലൈമാൻ ദാരിമി, അൽഅമീൻ റഹ്മാനി, നൗഷാദ് മാങ്കാംകുഴി, നാഷിദ് ബാഖവി, സഫീർ ഖാൻ മന്നാനി, അലി ബാഖവി ചെറുവട്ടൂർ, മുഹമ്മദ് കുട്ടി റഷാദി, ഹുസൈൻ മന്നാനി കുണ്ടമൺ, തലവരമ്പ് സലീം, ഷാജിറുദീൻ ബാഖവി, അസ്ഹർ കുടവൂർ എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.