കുട്ടികൾ കോവിഡ്​ വാക്സിൻ സ്വീകരിക്കണം -ഡി.എം.ഒ

സ്‌കൂളുകളിൽ ഏഴുമുതൽ പ്രത്യേക ക്യാമ്പ് കോട്ടയം: ജില്ലയിൽ 12 മുതൽ 14 വയസ്സുള്ള കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത് 61 ശതമാനം പേർ. 55,571 പേരിൽ 33,878 പേരാണ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ, 15 മുതൽ 17 വയസ്സുവരെ കുട്ടികളിൽ 80.6 ശതമാനം പേരും വാക്‌സിനെടുത്തു. 85,400 കുട്ടികളിൽ 68,847പേർ വാക്‌സിൻ സ്വീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.പ്രിയ അറിയിച്ചു. 18 വയസ്സിന്​ മുകളിലെ 15.62 ലക്ഷം പേരിൽ 15.60 ലക്ഷം പേരും വാക്സിൻ സ്വീകരിച്ചു. കുട്ടികളിൽ ഒരുവിഭാഗം വാക്‌സിൻ സ്വീകരിക്കാത്തതുമൂലം സ്‌കൂളുകളിൽ രോഗപ്പകർച്ച ഉണ്ടായി അധ്യയനം തടസ്സപ്പെടാൻ സാധ്യതയു​ണ്ടെന്ന്​ ഡി.എം.ഒ പറഞ്ഞു. വാക്സിൽ സ്വീകരിക്കാൻ ഹയർ സെക്കൻഡറി, വിദ്യാഭ്യാസവകുപ്പ്, സഹോദയ, ഐ.സി.എസ്.ഇ സ്‌കൂളുകൾ എന്നിവക്ക്​ നിർദേശം നൽകി. ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴുമുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് നടത്തും. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക്​ സ്‌കൂളുകളിൽ നൽകാനുള്ള മുന്നൊരുക്കം ആരോഗ്യസ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക ജൂൺ ആറിനകം സ്‌കൂൾ മേധാവികൾ തയാറാക്കണം. പ്രദേശത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ജൂൺ 10നകം ക്യാമ്പ് സംഘടിപ്പിക്കണം. കുട്ടികൾ വാക്സിനേഷന് എത്തുന്നതിനുമുമ്പ് www.cowin.gov.in എന്ന പോർട്ടലിൽ ആധാർ മൊബൈൽ നമ്പർ, ആധാർ എന്നീ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും അല്ലെങ്കിൽ വാക്സിനേഷൻ സമയത്ത് ആധാർ കാർഡ് കൊടുത്തുവിടാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.