ഡോ. വന്ദനദാസ്
കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡോ. വന്ദന ദാസിനെ ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചത് പൊലീസ് ജീപ്പിലെന്ന് വിചാരണക്കിടയിൽ കോടതിയിൽ സാക്ഷിമൊഴി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ താനാണ് കൊണ്ടുപോയതെന്ന് കേസിലെ സാക്ഷിയായ പൊലീസ് ഡ്രൈവർ ബിനീഷ് കോടതിയിൽ മൊഴി നല്കി.
കൊല്ലം അഡീ.സെഷൻസ് ജഡ്ജി പി.എൻ. വിനോദിന് മുമ്പാകെയാണ് മൊഴി നല്കിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിൽ വെച്ച് പ്രതി മറ്റ് ആളുകളെ ആക്രമിച്ചതുകണ്ട്, താൻ പ്രതിയെ കീഴടക്കാൻ പരമാവധി ശ്രമിച്ചതായും സാക്ഷി പറഞ്ഞു. പ്രതിയുടെ അക്രമം തടയാൻ ശ്രമിക്കുന്നതും വന്ദന ദാസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഉപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
ആശുപത്രിയിൽ കൊണ്ടുവന്ന പ്രതി സന്ദീപിനെ ഡോക്ടർമാരായ ഷിബിനും വന്ദന ദാസും പരിശോധിക്കവെ കൂടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരി ജയന്തിയെയും കോടതിയിൽ വിസ്തരിച്ചു. കൊട്ടാരക്കര ഗവ. ആശുപത്രിയിലെ മുറിയിൽ പ്രതിയെ ഡോക്ടർമാർ പരിശോധിക്കുന്ന ദൃശ്യങ്ങൾ പ്രതി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നത് പൊലീസ് കണ്ടെടുത്തത് കോടതിയിൽ പ്രദർശിപ്പിക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ അനുവാദം തേടി.
തുടർന്ന് കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ സാക്ഷി തിരിച്ചറിഞ്ഞു. ഡോ. വന്ദനാ ദാസിന്റെ സഹപാഠിയായിരുന്ന ഡോ. സുബീനയെയും വിസ്തരിച്ചു. ഗുരുതരാവസ്ഥയിൽ ആയിരുന്ന വന്ദനയെ വിദദ്ധ വിദഗ്ധചികിത്സക്കായി കൊണ്ടുപോയ ആംബുലൻസിൽ താൻ ഉണ്ടായിരുന്നതായും വന്ദനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നുവെന്നും സാക്ഷി കോടതിയിൽ മൊഴി നല്കി. കേസിലെ തുടർ വിസ്താരം തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.