ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ അ​ടു​പ്പി​ച്ച ബോ​ട്ടു​ക​ളി​ലെ വ​ല​ക​ൾ സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്നു

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; നിയന്ത്രണങ്ങള്‍ ബാധകം

കൊല്ലം: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. ജൂലൈ 31വരെ 52 ദിവസമാണ് കാലയളവ്. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാനും തീരദേശത്തെ ക്രമസമാധാനപാലനത്തിനായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു. ഫിഷറീസ് മേഖലയിലെ തൊഴിലാളി യൂനിയന്‍ നേതാക്കളുമായും പ്രതിനിധികളുമായും ചര്‍ച്ചനടത്തിയാണ് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നത്.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരപ്രദേശത്ത് പ്രത്യേകനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണമായി നിരോധിച്ചു. ഇന്‍ബോര്‍ഡ് എൻജിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിങ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. അഷ്ടമുടിക്കായലിന്റെ കിഴക്കന്‍തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വാര്‍ഫുകളിലും യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ലാന്‍ഡിങ് സൗകര്യം നല്‍കരുത്.

നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും ജൂലൈ 28 വരെ അടച്ചിടണം. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ബോട്ടുകള്‍ക്ക് ഇന്ധനം നിറക്കാന്‍ ഇളവ് നല്‍കും. മുന്‍കൂര്‍ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് പമ്പ് ഉടമകള്‍ക്ക് നിർദേശമുണ്ട്. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് അനധികൃതമായി ഇന്ധനം വിതരണംചെയ്യുന്നില്ലെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകണം.

തീരദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കൊല്ലം സബ് കലക്ടറുടെ ഏകോപനത്തില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ അതത് പരിധികളില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരായി പ്രവര്‍ത്തിക്കും. അടിയന്തരസാഹചര്യങ്ങളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പൊലീസ് കമീഷണര്‍മാരും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി.

Tags:    
News Summary - Trolling ban to come into effect from midnight today restrictions in effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.