കൈയേറ്റം ഒഴിപ്പിക്കാനെത്തിയ കുണ്ടറ പഞ്ചായത്ത് അധികൃതരെ സി.ഐ.ടി.യു-സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍

രാഷ്ടീയ ഇടപെടൽ; ഹൈവേയിലെ ഒഴിപ്പിക്കൽ നിർത്തി

കുണ്ടറ: ഒന്നരമാസം മുമ്പ് സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനപ്രകാരം നോട്ടീസ് നല്‍കി ദേശീയപാതയുടെ വശങ്ങളിലെ അനധികൃത കടകള്‍ ഒഴിപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിനെ തുടർന്ന് നിര്‍ത്തിവെച്ചു. കുണ്ടറ പള്ളിമുക്കില്‍ ഗുരുമന്ദിരത്തിന് സമീപം പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കുംബുദ്ധിമുട്ട് സൃഷ്ടിച്ച മത്സ്യവ്യാപാര കടകള്‍ ഒഴിപ്പിക്കാനുള്ള തീരുമാനമാണ് അട്ടിമറിക്കപെട്ടത്. നാട്ടുകാരുടെ സമ്മർദേ ഏറിയതോടെഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ച് ഏകകണ്ഠമായി അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.

പഞ്ചായത്തും ദേശീയപാത അധികൃതരും പൊലീസും സ്ഥലത്തെത്തിയപ്പോഴാണ് ഇല്ലാത്ത നിയമത്തിന്‍റെ പേരുപറഞ്ഞ് തടഞ്ഞത്. കൊല്ലം കോര്‍പറേഷനിലെ ബങ്കുടമകള്‍ക്കായി നേടിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പെന്ന വ്യാജേന സി.ഐ.ടി.യു നേതാവ് പി. രമേശ് കുമാര്‍ എത്തിയാണ് ഒഴിപ്പിക്കല്‍ തടഞ്ഞത്. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി ആര്‍. സുരേഷ്ബാബുവും ഇളമ്പള്ളൂര്‍ പഞ്ചായത്തംഗം എന്‍. ജഗദീശനും ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കണമെന്ന് നിലപാടെടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാറും മറ്റ് പഞ്ചായത്തംഗങ്ങളും ഇവരുമായി വാക്കേറ്റം നടന്നെങ്കിലും വീണ്ടും സര്‍വകക്ഷിയോഗം ചേരുമെന്ന് പറഞ്ഞ് സ്ഥലംവിട്ടു. സി.ഐ.ടി.യു നേതാവ് സെക്രട്ടറിയെ കാണിച്ച കോടതി ഉത്തരവില്‍ ഏഴാം എതിര്‍ കക്ഷിയായി രേഖപ്പെടുത്തിയിരുന്നത് കുണ്ടറ പഞ്ചായത്ത് സെക്രട്ടറിയെയാണ്. ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ 2026 സെപ്തംബര്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഏഴാം എതിര്‍കക്ഷി കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറിയാണ്.

സി.ഐ.ടി.യു നേതാവ് പഞ്ചായത്ത് സെക്രട്ടറിയേയും പൊലീസിനെയും കാണിച്ച ഉത്തരവില്‍ സര്‍ക്കാര്‍ വാട്ടര്‍ മാര്‍ക്ക് പോലുമില്ലന്നും ചൂണ്ടിക്കാട്ടപെടുന്നു. ഹൈക്കോടതി ഉത്തരവ് വ്യാജമായി സൃഷ്ടിച്ചതില്‍ കുണ്ടറ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്.രണ്ട് മാസം മുമ്പ് കുണ്ടറ ആശുപത്രിമുക്കില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് മത്സ്യ കച്ചവടം നടത്തിയ രണ്ട് പേരെ ഒഴിപ്പിക്കാന്‍ പഞ്ചായത്തധികൃതര്‍ എത്തിയപ്പോള്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം എസ്.എല്‍. സജികുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞത് പ്രതിഷേധത്തിന് കാരണമായിരുന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നറിയിച്ചതോടെ ഇവര്‍ ദേശീയ പതയുടെ മറുവശത്തേക്ക് കച്ചവടം മാറ്റി. 

Tags:    
News Summary - Political Interference Halts Highway Eviction Drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.