പകൽ ട്രെയിനുകൾ വൈകുന്നു; സർക്കാർ ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
കൊല്ലം: നാഗര്‍കോവില്‍ -കൊല്ലം എക്സ്പ്രസ് അടക്കം പകൽ സമയത്തെ ട്രെയിനുകൾ പലദിവസങ്ങളിലും മണിക്കൂറുകൾ വൈകിയോടുന്നതിനാല്‍ കൊല്ലത്തെ സര്‍ക്കാർ ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. നാഗർ കോവിൽ-കൊല്ലം എക്സ്പ്രസ് രാവിലെ 8.30ന് തിരുവനന്തപുരത്ത്നിന്ന് പുറപ്പെട്ട് 10.20നാണ് കൊല്ലത്ത് എത്തേണ്ടത്.
കൃത്യമായി ഓടിയാല്‍ വര്‍ക്കല വരെ ട്രെയിന്‍ ഇറങ്ങുന്നവര്‍ക്ക് ഓഫിസ് സമയത്ത് എത്താനാകും. മണിക്കൂറുകൾ വൈകുന്നതിനാൽ പലർക്കും ജോലി ചെയ്താലും അവധിയായി മാറുകയാണ്. എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസും പല ദിവസങ്ങളിൽ വൈകുന്നു.
പല ഓഫിസുകളിലും പഞ്ചിങ് ഉള്ളതിനാല്‍ ലേറ്റ് മാര്‍ക്ക് ചെയ്യുകയും അവധിയായി മാറുകയും ചെയ്യുന്നത് പതിവാണ്. ഉദ്യോഗസ്ഥര്‍ വൈകുന്നതിനാല്‍ വിവിധ ഓഫിസുകളിലെ പ്രവര്‍ത്തനം പലവിധത്തില്‍ മുടങ്ങുന്നു. തിരുവനന്തപുരത്തുനിന്നുള്ള കൊല്ലം എക്സ്പ്രസ് പല ദിവസങ്ങളിലും 10.45 കഴിഞ്ഞാണ് കൊല്ലത്ത് എത്തുന്നത്.
അതിനാല്‍ കോട്ടയത്തേക്കുള്ള കണക്ഷന് മെമു കിട്ടാതെ യാത്രക്കാര്‍ വലയുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞ ദിവസം ഈ ട്രെയിന്‍ കുഴിത്തുറ വെസ്റ്റില്‍ 25 മിനിട്ടും കൊച്ചുവേളിയില്‍ 25 മിനിട്ടും പിടിച്ചിട്ടു.
300 ഓളം ഐ.ടി ജീവനക്കാർ തിരുനെല്‍വേലി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ നിന്നായി ഈ ട്രെയിനിലെത്തി ടെക്നോപാര്‍ക്കില്‍ പോകാനായി കഴക്കൂട്ടത്ത് ഇറങ്ങുന്നുണ്ട്. അവരിൽ മിക്കവര്‍ക്കും ട്രെയിന്‍ വൈകുന്നതിനാല്‍ ശമ്പളം കട്ടാകുന്നു.
ട്രെയിനിനെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍, മയ്യനാട് എന്നീ സ്റ്റേഷനുകളിൽ ഇറങ്ങിയശേഷം ബസ് കയറി വിവിധ ഓഫിസുകളില്‍ എത്തേണ്ടതുണ്ട്. തിരുവനന്തപുരം മുതല്‍ തിരുവല്ല വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായ സമയത്ത് ഓടിയിരുന്നതാണ് മുംബൈക്കുള്ള ജയന്തി ജനത എക്സ്പ്രസ്. 7.50ന് തമ്പാനൂര്‍ നിന്ന് പുറപ്പെട്ടാല്‍ 8.50നു കൊല്ലത്തും 10നകം കായംകുളവും എത്തിയിരുന്നു. സമയം മാറ്റിയതോടെ തിരുവനന്തപുരത്ത്നിന്ന് കായംകുളം ഭാഗത്തേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായി ഉണ്ടായിരുന്ന ട്രെയിന്‍ ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.