പ്രതീകാത്മക ചിത്രം 

കള്ളനോട്ട് അച്ചടി കേന്ദ്രത്തില്‍ റെയ്ഡ്, പ്രതി റിമാന്‍ഡില്‍

കൊല്ലം: കള്ള നോട്ട് അച്ചടി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി പ്രിന്ററും നോട്ടെണ്ണല്‍ യന്ത്രവുമായി ഒരാള്‍ പിടിയിലായി. 500 രൂപയുടെ നോട്ട് വ്യാജമായി അച്ചടിക്കാനായി മുറിച്ചെടുത്ത കടലാസ് കെട്ടുകളും കണ്ടെടുത്തു. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയല്‍ പുരയിടത്തില്‍ സിബിയോണിനെ (37) ആണ് പള്ളിത്തോട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.

കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്ത കടലാസ് കെട്ടുകളുടെ വശങ്ങളില്‍ 500 രൂപ നോട്ടിന്റെ മാതൃകയില്‍ ഡിസൈന്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇവ പൂര്‍ണമായും അച്ചടിച്ചിരുന്നെങ്കില്‍ രണ്ടരക്കോടിയോളം രൂപയുടെ വ്യാജനോട്ട് കാണുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 45 പവന്‍ സ്വര്‍ണാഭരണങ്ങളും 4.32 ലക്ഷം രൂപയും സ്വര്‍ണ വാച്ച് ഉള്‍പ്പെടെ വിലകൂടിയ വാച്ചുകളും പിടിച്ചെടുത്തു.

പള്ളിത്തോട്ടം എസ്.എച്ച്.ഒ പ്രതിഭ നായര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ജാക്‌സണ്‍ ജോസഫ്, പള്ളിത്തോട്ടം എസ്.ഐ നിരഞ്ജന എം. ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിന് പിന്നില്‍ വന്‍ലോബി പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നെന്നും കേസിലെ മറ്റു പ്രതികള്‍ വരുംദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.

സിബിയോണ്‍ നോട്ട് ഇരട്ടിപ്പിക്കല്‍ സംഘത്തിലെ കണ്ണിയാണെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. 50,000 രൂപയുടെ യഥാര്‍ഥ നോട്ട് നല്‍കുമ്പോള്‍ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. 

Tags:    
News Summary - Fake Currency Racket Exposed in Kollam: Police Recover Uncut Notes and Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.