ഇടുങ്ങിയ വനപാതയിലൂടെ വീടുകളിലേക്ക് പോകുന്ന ഗ്രാമവാസികൾ
വഴിയറിയാതെ വിതുമ്പുന്ന ചെറുകര ഗ്രാമം
പത്തനാപുരം: ‘അസുഖം ബാധിച്ചാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷ പോലുമെത്തില്ല, അഞ്ച് കിലോ അരി വീട്ടിലെത്തിക്കുന്ന ബുദ്ധിമുട്ട് ഓർത്ത് ആഹാരം കഴിക്കാതെ പോലും കിടന്നിട്ടുണ്ട്.’- പിറവന്തൂർ ചെറുകര പുത്തൻവീട്ടിൽ സുമംഗലയുടെ വാക്കുകളിൽ വർഷങ്ങളായി തുടരുന്ന കഠിന ജീവിതത്തിന്റെ കണ്ണുനീരാണ് നിറയുന്നത്. പിറവന്തൂർ കിഴക്കേഭാഗം വാർഡിൽപ്പെട്ട ചെറുകരകാർക്ക് സുരക്ഷിതമായ പാതയെന്ന ഒരേയൊരു ആഗ്രഹമേ ബാക്കിയുള്ളു. വർഷങ്ങളായി ഇവിടെ താമസിക്കുന്നവർക്ക് മഴപെയ്താൽ റോഡും, തോടും തിരിച്ചറിയാൻ കഴിയില്ല. ശക്തമായ മഴയിൽ അരുവിയിൽ ഉയരുന്ന വെള്ളം വറ്റുന്നതുവരെ വീടുകളിലേക്ക് മടങ്ങാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കാത്തിരിക്കേണ്ടി വരും.
റോഡില്ലാത്തതു കാരണം, രോഗബാധിതരായവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മൂന്ന് ജീവനുകൾ അപ്രതീക്ഷിതമായി നഷ്ടമായി. മൃതദേഹങ്ങൾ കസേരയിലും, ചുമലിലുമേറ്റി വീടുകളിൽ എത്തിച്ച കാര്യവും നെഞ്ചിടിപ്പോടെയാണ് ഗ്രാമവാസികൾ ഓർക്കുന്നത്. ചെറുകര പുത്തൻവീട്ടിൽ ജനാർദനന്റെ മൃതദേഹം വർഷങ്ങൾക്ക് മുമ്പ് കസേരയിൽ ഇരുത്തി തുണിയിൽ പൊതിഞ്ഞുകൊണ്ടുവന്നത് ഓർക്കുമ്പോൾ, ഭാര്യ സുമംഗലയുടെ ഹൃദയം പൊട്ടുന്നതുപോലെയാണ്. അമ്മ ലക്ഷ്മിക്കുട്ടിയുടെ മരണ ശേഷം വീട് വിട്ട് പോകേണ്ടിവന്ന അവസ്ഥയാണ് മകൾ, ശ്രീനാരായണ വിലാസത്തിൽ ഷീജക്ക് പറയാനുള്ളത്. വീടിന്റെ അറ്റാകുറ്റപ്പണിക്ക് സാധനങ്ങൾ എത്തിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് ഇവിടെയുള്ളവർ.
ഹൃദയസ്തംഭനമുണ്ടായതിന് പിന്നാലെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെയാണ് അനു ഭവനിൽ സത്യദേവനും ജീവൻ നഷ്ടമായത്. നല്ലൊരു റോഡ് ഉണ്ടായിരുന്നുവെങ്കിൽ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് ഭാര്യ ഓമനയും പറയുന്നു. ഒരു റോഡെന്ന സ്വപ്നം ചെറുകര ഗ്രാമത്തിന് അന്യമാകുമ്പോൾ ഇനിയെത്ര ജീവൻ ഇതുപോലെ വിട്ടുനൽകേണ്ടി വരുമെന്ന് അറിയില്ലെന്ന് പറയുകയാണ് ഗ്രാമവാസികൾ. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നാരങ്ങാപ്പുറത്തിന് സമീപത്തുനിന്ന് ഒരു കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ചാലാണ് ചെറുകര ഗ്രാമത്തിൽ എത്തുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്തത് കാരണം സന്ധ്യ മയങ്ങിയാൽ ഇതുവഴി യാത്ര ചെയ്യാനുമാകില്ല. വന്യ മൃഗശല്യം രൂക്ഷമായ വനപാതയിലൂടെ കുട്ടികളെ വിദ്യാലയങ്ങളിൽ വിടാനും രക്ഷിതാക്കൾക്ക് മടിയാണ്. വാഴത്തോപ്പ് കടക്കാമൺ വനം ഡിപ്പോയുടെ ഒരു ഭാഗത്തായാണ് ചെറുകരയെന്ന ഗ്രാമം. ഭരണാധികാരികൾ മാറി മാറി വന്നിട്ടും,ആരും തങ്ങളുടെ ദുരിതം കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.