പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷൻ 110 കെ.വി. ട്രാക്ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തി. ബുധനാഴ്ച നടന്ന ട്രയൽ റൺ വിജയം. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് റെയിൽവേയും കെ.എസ്.ഇ.ബി തമ്മിലുള്ള മറ്റ് ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്നതോടെ താമസിയാതെ കൊല്ലം- ചെങ്കോട്ട ബ്രോഡ് ഗേജ് ലൈൻ പൂർണമായും ഇവിടെ നിന്നുള്ള വൈദ്യുതി സംവിധാനത്തിലാകും. കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനിൽ നിന്നും റെയിൽവേ സ്റ്റേഷനിലെ ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് 2.75 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് 28 കോടി രൂപയാണ് റെയിൽവേ ഒടുക്കിയത്.
എന്നാൽ രണ്ടേകാൽ കിലോമീറ്റർ ദൂരത്തിലെ കേബിൾ സ്ഥാപിക്കേണ്ടി വന്നുള്ളു. ബാക്കി തുക റെയിൽവേക്ക് തിരികെ നൽകുമെന്ന് കെ.എസ്.ബി അധികൃതർ പറഞ്ഞു. കൂടാതെ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താൻ സബ് സ്റ്റേഷനിൽ സ്ഥാപിച്ച കിയോസ്കിൽ മീറ്ററും സ്ഥാപിക്കേണ്ടതുണ്ട്. കെ.എസ്.ഇ.ബി സൗത്ത് സോൺ ട്രാക്ൻഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, റെയിൽവേ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ഉടൻതന്നെ മറ്റു കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിക്കും.
ബുധനാഴ്ച പുനലൂർ സബ് സ്റ്റേഷനിൽ പുതിയ ലൈൻ കൊട്ടാരക്കര ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. ഹേമ സ്വിച്ച് ഓൺ ചെയ്തു. സർക്കിൾ എക്സിക്യൂട്ടീവ് എൻജിനീയർ സജീവ് കോശി, പുനലൂർ ഡിവിഷൻ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു തോമസ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ മിനി, അസി.എൻജിനീയർ ജീൻ, റെയിൽവേ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ ജയേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.