ശാസ്താംകോട്ട: ദിവസവും ഇരുനൂറിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ മലനടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യത്തിന് പുല്ലുവിലയെന്ന് പരാതി. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ വരെ പ്രതികൂലമായി ബാധിച്ചതായാണ് പരാതി. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ ശ്രമഫലമായി ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കുന്ന ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത് ഇരുനൂറിലധികം രോഗികളാണ്. ഇവരെ മുഴുവൻ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇമ്മ്യൂണൈസേഷൻ, മറ്റ് മീറ്റിങ്ങുകൾ എന്നിവയ്ക്കായി മെഡിക്കൽ ഓഫീസർ കൂടിയായ ഈ ഡോക്ടർ പോയാൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റും. ഡോക്ടറെ കൂടാതെ ഒരു നഴ്സിങ് ഓഫീസറും ഒരു ഫാർമസിസ്റ്റും മാത്രമാണ് ഇവിടെ ജീവനക്കാരായുള്ളത്. ഇൻജക്ഷൻ, ബി.പി പരിശോധന, ഡ്രസിങ് തുടങ്ങിയവയെല്ലാം ചെയ്യാൻ ഈ ഒരാൾ മാത്രമാണുള്ളത്. മരുന്ന് വിതരണവും ജീവനക്കാരുടെ അഭാവം മൂലം കാര്യക്ഷമമായി നടക്കുന്നില്ല.
ഇത് പലപ്പോഴും രോഗികളും ജീവനക്കാരുമായി വാക്കുതർക്കത്തിനും കാരണമാകുന്നു. അവികസിത പ്രദേശമായ പോരുവഴി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആതുരാലയം. നിരവധി പട്ടികജാതി ഉന്നതികൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.ബസ് സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങൾ കൂടിയായതിനാൽ സാധാരണക്കാർക്ക് അടൂരിലോ ശാസ്താംകോട്ടയിലോ ചികിത്സ തേടി പോകണമെങ്കിൽ വലിയ തുക തന്നെ കണ്ടെത്തേണ്ടതുണ്ട്.
ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പിലെ ഉന്നതർക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 29ന് എം.പി നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ മാനേജർക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. എന്നിട്ടും ജീവനക്കാരെ നിയമിക്കാതെ ആരോഗ്യ വകുപ്പ് അധികൃതരും ഗ്രാമപഞ്ചായത്തും ഉരുണ്ട് കളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. അതിനിടെ മലനട പി.എച്ച്.സിയിൽ ഡോക്ടർ അടക്കം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതാക്കളായ വരിക്കോലിൽ ബഷീർ, നിതിൻ പ്രകാശ് എന്നിവർ അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.