കൊല്ലം: ശക്തികുളങ്ങര ബാറിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ബാറിലെ നാല് ജീവനക്കാരും മദ്യം വാങ്ങാൻ എത്തിയ രണ്ടുപേരും ഉൾപ്പെടുന്നു. ശക്തികുളങ്ങര വില്ലേജിൽ പെരുങ്കുഴി ഹൗസിൽ ശബരി സുനിൽ (25), ശക്തികുളങ്ങര പോസ്റ്റ് ഓഫീസ് പരിധിയിലെ ഐശ്വര്യ നഗറിൽ വായിലിതര വീട്ടിൽ അനന്തു ഘോഷ് (27), ബാർ ജീവനക്കാരായ മയ്യനാട് പിണക്കൽചേരി തട്ടാമല വയലിൽ പുത്തൻവീട്, ഇപ്പോൾ പള്ളിമുക്ക് യൂനുസ് എൻജിനീയറിങ് കോളേജ് സമീപം വാടക വീട്ടിൽ ഷാനു (28), മയ്യനാട് പടനിലം കുഴിയൽ കോളനിയിൽ സുരേഷ് കുമാർ (25), തഴുത്തല വടക്കുംകര പടിഞ്ഞാറേച്ചേരി, ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സമീപം ജിതിൻ രാജ് (25), മയ്യനാട് പിണക്കൽചേരിയിൽ വടക്കേമംഗലം രാകേഷ് (28) എന്നിവരാണ് പിടിയിലായത്.
19ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാൻ വന്ന ശബരി സുനിലും അനന്തു ഘോഷും മദ്യം നൽകുന്നതിൽ താമസം വന്നത് ചോദ്യം ചെയ്തതോടെ തർക്കം ആരംഭിച്ചു. വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറി. ബാർ ജീവനക്കാർ ബിയർ കുപ്പിയും കൗണ്ടറിൽ ഉണ്ടായിരുന്ന പ്ലയറും ഉപയോഗിച്ച് ശബരി സുനിലിനെയും അനന്തുഘോഷിനെയും മർദിച്ചു. ഇരുവരും തിരിച്ചാക്രമിച്ചതോടെ സ്ഥിതി വഷളായി. സംഭവത്തിൽ ശബരി സുനിലിനും അനന്തുഘോഷിനും തലക്ക് പരിക്കേറ്റിരുന്നു. ബാർ ജീവനക്കാരും കൈക്കുൾപ്പെടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. മനഃപ്പൂർവമല്ലാത്ത നരഹത്യശ്രമത്തിന് കീഴിൽ ശക്തികുളങ്ങര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ശക്തികുളങ്ങര എസ്.ഐമാരായ ശബിൻ, സി.ആർ.സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.