വാഹനാപകടം പെരുകുന്നു; നിയമലംഘനത്തിന്‍റെ കൂത്തരങ്ങായി മോട്ടോർ വാഹന വകുപ്പ്

കൊല്ലം: ജില്ലയിൽ മോട്ടോർവാഹനമേഖലയിലെ നിയമലംഘനമെല്ലാം തന്നെ മോട്ടോർവാഹന വകുപ്പിന്‍റെ തന്നെ അറിവിലും ഒത്താശയിലുമാണന്ന് ആക്ഷേപം. വാഹനം കാണാതെപോലും ഫിറ്റ്നസ് നൽകുന്ന കൊല്ലത്തെ ആർ.ടി.ഒ ഓഫിസിനെക്കുറിച്ച് വേറെയും ആക്ഷേപങ്ങളുണ്ട്.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ടിപ്പർ ലോറി അപകടമാണ് ജില്ലയിൽ നടന്നത്, നാല് മരണവും. അപകടത്തിൽപെട്ട രണ്ട് ടിപ്പറിന്‍റെയും ഡ്രൈവർമാർക്ക് ഹെവിവാഹന ലൈസൻസ് ഇല്ലായിരുന്നുവെന്നതുതന്നെ െഞട്ടിപ്പിക്കുന്നതാണ്. പുറത്തുനിന്നുള്ള ഏതെങ്കിലും ഏജന്‍സിയെ വെച്ച് പരിശോധിച്ചാൽ 50 ശതമാനം വാഹനങ്ങളിലും ഈ സ്ഥിതിയായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

എല്ലാ ജില്ലകളിലും ലൈസൻസ് കൊടുക്കുന്നതിനുമുമ്പുള്ള ബോധവത്കരണ ക്ലാസുകൾ അതത് ആർ.ടി.ഒയുടെ നേതൃത്വത്തിലാണ്. എന്നാൽ കൊല്ലത്ത് മാത്രം മോട്ടോർ വാഹന ഉദ്യോഗസ്ഥർ അംഗങ്ങളായ സംഘടനയായ ട്രാക്കിനെയാണ് (േട്രാമ കെയർ എയ്ഡ് സെൻറർ ഇൻ കൊല്ലം) നിയോഗിച്ചിരിക്കുന്നത്. മറ്റുള്ള ജില്ലകളിൽ സൗജന്യമായി നടത്തുന്ന ഇത്തരം ക്ലാസിന് കൊല്ലത്തെ സംഘടന ഫീസ് വാങ്ങുകയാണ്. ഇതിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഫീസ് കൈപ്പറ്റി ക്ലാസുകൾ എടുക്കുന്നുണ്ടത്രെ. കൊല്ലം, പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഈ സംഘടന നേരിട്ട് ക്ലാസ് നടത്തിവരുന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥരും പെൻഷൻ പറ്റിയ മോട്ടോർ വാഹന അംഗങ്ങളും അടങ്ങുന്ന സമിതിക്കാണ് ഇത്തരം ക്ലാസിന്‍റെ നടത്തിപ്പ് ചുമതല.

വിഷയത്തിലുയർന്ന പരാതിയിൽ ഇടക്കാലത്ത് ഫീസ് വാങ്ങൽ നിർത്തിയിരുന്നു. എന്നാൽ ഉന്നതലങ്ങളിൽ സ്വാധീനം ചെലുത്തി വീണ്ടും ആരംഭിച്ചു. ഈ കഴിഞ്ഞദിവസം ഹെവി ഡ്രൈവേഴ്സ് ക്ലാസിന് 250രൂപ നിരക്കിൽ ഫീസ് വാങ്ങി മോട്ടോർവാഹന വകുപ്പിന്‍റെ എംബ്ലം പതിച്ച സർട്ടിഫിക്കറ്റ് ഈ സംഘടന നൽകിയതായി പറയുന്നു. ഐ.ഡി.ടി.ആർ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് റിസർച്ച്) എന്ന എടപ്പാൾ ആസ്ഥാനമായ മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ എക്സ്റ്റൻഷൻ സെന്ററായി ഈ സംഘടന പ്രവർത്തിക്കുന്നു.

സസ്‌പെൻഡ് ചെയ്യപ്പെടുന്ന ലൈസൻസ് അഞ്ച് ദിവസത്തെ പരിശീലനം നേടിയാലേ തിരികെ ലഭിക്കു. ഇത്തരം പരിശീലനത്തിന്‍റെ മറവിൽ ഐ.ഡി.ടി.ആറിന്‍റെ അനുമതി ഇല്ലാതെ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർക്കായി ഫീസ് വാങ്ങി അഞ്ചുദിവസത്തെ ക്ലാസ് ഈ സ്ഥാപനം നടത്തി വരുന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സമ്മർദത്താൽ ഇത്തരം ക്ലാസിന് ഡ്രൈവിങ് സ്കൂൾ അധികാരികൾ എത്താൻ നിർബന്ധതിതരാകുന്നു എന്ന പരാതിയുമുണ്ട്.

വാഹന ഫിറ്റ്നസിൽ രണ്ട് തരം പരിശോധനയാണ് നടക്കേണ്ടത്. ഷാസിയും ബോഡിയും ഉൾപ്പെടെ പരിശോധന നടത്തി കണ്ടീഷൻ ആണന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകേണ്ടത് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ്. രണ്ടാം ഘട്ടത്തിൽ വാഹനം ഓടിച്ചുനോക്കേണ്ടത് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ജോലിയാണ്. വേഗത്തിൽ ഓടിച്ച് സ്പീഡ് ഗവർണർ പ്രവർത്തിക്കുന്നുണ്ടോ എന്നതുൾപ്പെടെ എല്ലാം പരിശോധിക്കേണ്ടതും എം.വി.ഐയുടെ ചുമതലയാണ്.

ജി.പി.എസ് സംവിധാനവും നോക്കണം. എന്നാൽ ഓടിച്ചുനോക്കൽ പലപ്പോഴുമില്ല. മൊത്തത്തിൽ നോക്കി ഒരു ഫിറ്റ്നസ് നൽകുകയാണ് പതിവെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ തന്നെ പറയുന്നു. അതു കൂടാതെയാണ് വാഹനം കാണുകപോലും ചെയ്യാതെ ഫിറ്റ്നസ് നൽകുന്ന ഏർപ്പാടും ഇവിടെ നടക്കുന്നത്. ജില്ലയിൽ ഓടുന്ന പല ലോറികളും സ്വകാര്യ ബസുകളും ഹെവിലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരാണ് ഓടിക്കുന്നത്. നിരത്തുകളിൽ ഇതു സംബന്ധിച്ച ഒരു പരിശോധനയും നടക്കുന്നില്ല.

Tags:    
News Summary - Road accidents are increasing; Motor Vehicle Department is cracking down on law violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.