കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ പ്രസാദം ക്ഷേത്രത്തിനു പുറത്ത് വാടകമുറിയിലും ടെറസിനു മുകളിലും തയ്യാറാക്കിയ സംഭവത്തിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് എസ്.ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിനു സമീപം പ്രസാദം തയാറാക്കിയ വാടകമുറി തുറന്നു പരിശോധിച്ചു. ഇവിടെ നിന്നും കണ്ടെടുത്ത സാധനങ്ങൾ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ മുറിയിലേക്ക് മാറ്റി മുറി സീൽ ചെയ്തു. കണ്ടെത്തിയ വസ്തുക്കളെ കുറിച്ചു മഹസർ തയ്യാറാക്കിയ സംഘം വിജിലൻസ് എസ്.പിക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഞായറാഴ്ച ഒന്നോടെയാണ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. വാടകമുറിയിൽ വിശദമായ പരിശോധന നടത്തിയ സംഘം വലിയതോതിൽ റെഡിമെയ്ഡ് കരിയും നെയ്യും ശേഖരിച്ചിരുന്നതും ക്ഷേത്രത്തിൽ നടവരവായി എത്തിയ നെയ്യും ചന്ദനത്തിരിയും മറ്റു വസ്തുക്കളും ചാക്കുകളിലാക്കിയിരിക്കുന്നതും കണ്ടെത്തി.
ഇവ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെ മറ്റൊരു മുറിയിലാക്കി സീൽ ചെയ്തു. കഴിഞ്ഞ ദിവസം പ്രസാദം തയ്യാറാക്കിയ ശാന്തിമഠത്തിന്റെ ടെറസിനു മുകളിലും സംഘം പരിശോധിച്ചു. നടപടികൾ രാത്രി വരെ നീണ്ടു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിനുസരിച്ചാകും തുടർ നടപടികൾ. പ്രസാദം ക്ഷേത്രത്തിനു പുറത്തു തയ്യാറാക്കിയതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയും ബി.ജെ.പിയും ദേവസ്വം അധികൃതർക്ക് പരാതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.