പന്മന ആശ്രമം-പടിഞ്ഞാറ്റക്കര-തേവലക്കര കുരിശ്ശടി പൈപ്പ് റോഡ് തകർന്ന നിലയിൽ
ചവറ: പന്മന ആശ്രമം-പടിഞ്ഞാറ്റക്കര-തേവലക്കര കുരിശ്ശടി പൈപ്പ് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന യാത്രാമാർഗമായ ഈ റോഡ് നിലവിൽ പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. കൊല്ലം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി 1957 ലാണ് ഈ പൈപ്പ് റോഡ് നിർമിച്ചത്. അരനൂറ്റാണ്ടിലേറെക്കാലം ഇതുവഴി വാഹന ഗതാഗതം അനുവദിച്ചിരുന്നില്ല. പിന്നീട് 2010ൽ എൻ.കെ. പ്രേമചന്ദ്രൻ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് റോഡ് ടാർ ചെയ്ത് ചെറുവാഹനങ്ങൾക്ക് മാത്രമായി തുറന്നുകൊടുത്തത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ റോഡ് പൂർണമായി തകരുകയായിരുന്നു.
ടാറിന്റെ അംശം പോലും കാണാനില്ലാത്ത വിധം റോഡ് പൂർണമായി പൊളിഞ്ഞു. ചെറുവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത രീതിയിൽ വലിയ ഗർത്തങ്ങളാണ് റോഡിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.നിലവിൽ ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുസ്സഹമാണ്. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഇതിനോടകം തന്നെ ഒട്ടനവധി യാത്രക്കാർക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രികരാണ്. റോഡിന്റെ തകർച്ച കാരണം ഓട്ടോ പോലും ഇപ്പോൾ ഇതുവഴി സർവീസ് നടത്തുന്നില്ല. തേവലക്കര, പന്മന, മൈനാഗപ്പള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. വലിയ വാഹനങ്ങൾ കടന്നുപോകാതിരിക്കാനായി ജല അതോറിറ്റി സ്ഥാപിച്ച ക്രോസ് ബാറുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതും റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടി. ജനങ്ങളുടെ ഈ ദുരവസ്ഥയും യാത്രാക്ലേശവും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പലതവണ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മറ്റ് ഭാഗങ്ങളിലെ പൈപ്പ് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത് പോലെ, തകർന്നുകിടക്കുന്ന ഈ ഭാഗവും അടിയന്തരമായി റീടാർ ചെയ്ത് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകൻ തസ്ലിം വലിയവിളയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.