ദേശീയപാത 183 വികസനം; നാലുവരിപ്പാതക്ക് പുതിയ രൂപരേഖയായി

കൊല്ലം: കൊല്ലം ബൈപാസ് ജങ്ഷൻ മുതൽ ആഞ്ഞിലിമൂട് വരെ ദേശീയപാത 183 (പഴയ എം.സി റോഡ് - എൻ.എച്ച് 220) നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയുടെ പുതിയ ടിപ്പിക്കൽ ക്രോസ് സെക്ഷൻ (ടി.സി.എസ്) രൂപരേഖ പുറത്തിറങ്ങി. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ മുതുപിലിക്കാട് മേഖലയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതിനുള്ള നിർദേശവും ഉൾപ്പെടുത്തി.

പുതിയ രൂപരേഖ പ്രകാരം നിലവിലെ രണ്ടുവരി പാത 20 മീറ്റർ വീതിയുള്ള ആധുനിക നാലുവരിപ്പാതയായി ഉയർത്തും. ഇരുവശത്തുമായി ഏഴ് മീറ്റർ വീതിയുള്ള കാരിയേജ് വേകൾ, ഒരു മീറ്റർ വീതിയുള്ള പാകപ്പെടുത്തിയ ഷോൾഡറുകൾ, മീഡിയൻ, യൂട്ടിലിറ്റി കോറിഡോർ, ആർ.സി.സി ഡ്രെയിനുകൾ, ടോ വാളുകൾ, റിട്ടെയ്നിങ് വാളുകൾ, സുരക്ഷാ സംവിധാനങ്ങൾ, തെരുവുവിളക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന രൂപകൽപ്പനയാണ് തയ്യാറാക്കിയിരിക്കുന്നത്.

40 മില്ലിമീറ്റർ ബിറ്റുമിനസ് കോൺക്രീറ്റ് , 60 മില്ലിമീറ്റർ ഡെൻസ് ബിറ്റുമിനസ് മക്കാഡം , 200 മില്ലിമീറ്റർ സിമന്റ് ട്രീറ്റഡ് സബ് ബേസ്, 140 മില്ലിമീറ്റർ സിമന്റ് ട്രീറ്റഡ് ബേസ്, സ്ട്രെസ് ആബ്സോർബിംഗ് മെംബ്രെയ്ൻ സാങ്കേതികവിദ്യ, കൂടാതെ കുറഞ്ഞത് 10 ശതമാനം സി.ബി.ആർ നിലവാരമുള്ള 500 മില്ലിമീറ്റർ സബ്‌ഗ്രേഡ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ വർധിക്കുന്ന വാഹനഗതാഗതം കണക്കിലെടുത്ത് ചില ഭാഗങ്ങളിൽ സർവീസ് റോഡുകളോടുകൂടിയ ആറുവരി വികസന സാധ്യതയും രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുതുപിലിക്കാട് മേഖലയിൽ നിർമിക്കുന്ന ടോൾ പ്ലാസയിൽ എട്ട് ലെയിനുകളുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രത്യേക ഡ്രെയിനേജ് സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 40 കിലോമീറ്റർ ദൂരത്തിലും കൊല്ലം പാർലമെന്റ് മണ്ഡലപരിധിയിൽ 14.90 കിലോമീറ്റർ ദൂരത്തിലുമാണ് പാത വികസനം. പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും.

Tags:    
News Summary - National Highway 183 development; New design for four-lane highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.