കൊല്ലാമല-തെങ്ങുവിള റോഡ് നിർമാണം പാതിവഴിയിൽ സ്തംഭിച്ച നിലയിൽ
കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്തിലെ കൊല്ലാമല-തെങ്ങുവിള റോഡിന്റെ നിർമാണം പാതിവഴിയിൽ. ഏറെക്കാലമായി തുടരുന്ന യാത്രാദുരിതത്തിൽ നാടിന് ശ്വാസം മുട്ടുന്നു. മുൻമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായാണ് റോഡ് നവീകരണത്തിന് മൂന്നുകോടിയോളം രൂപ അനുവദിച്ചത്. സെപ്തംബറോടെ കലുങ്ക് നിർമ്മാണം തുടങ്ങി. ഇതിന് ശേഷം റോഡിന്റെ നിർമ്മാണ ജോലികൾ തുടങ്ങാനായില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് നിർമ്മാണ ജോലികൾ തുടങ്ങിയത്. അന്ന് റോഡിന്റെ മേൽപ്പരപ്പ് ജെ.സി.ബി ഉപയോഗിച്ച് ഇളക്കി നിരത്തുകയും വീതികൂട്ടാൻ വശങ്ങളിൽ മെറ്റൽ നിരത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും ഈ സ്ഥിതി തുടർന്നു. ഇതോടെ വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുണ്ടായത്. വേനൽമഴയിൽ വശങ്ങളിൽ നിരത്തിയ മെറ്റൽ ഇളകിപ്പോയി. കുണ്ടും കുഴിയുമായ റോഡിലൂടെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോയത്. പിന്നീട് മെറ്റലിങ് നടത്തിയതോടെ വീണ്ടും ഉടൻ ടാറിങ് നടത്തുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. എന്നാൽ മെറ്റലിംഗ് നടത്തിയതെല്ലാം ഇളകിത്തെറിക്കുന്ന സ്ഥിതിയാണിപ്പോൾ.
കുളക്കട ലക്ഷം വീട് ജംഗ്ഷനിൽ നിന്ന് തുടങ്ങി കൊല്ലാമല, മലപ്പാറ, കുറക്കോട്ടുവിള വഴി മാവടി തെങ്ങുവിളയിൽ എത്തുന്നതാണ് റോഡ്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. മൂന്നാഴ്ച മുൻപ് മെറ്റലിംഗ് നടത്തി. എന്നാൽ ടാറിംഗ് നടന്നില്ല. ഇതോടെ റോഡിലൂടെയുള്ള യാത്ര കൂടുതൽ ബുദ്ധിമുട്ടിലായി. ഇവിടെ പൊടിശല്യം രൂക്ഷമാണ്. ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.
പ്രദേശത്തുകാരുടെ ഏക വഴിയാണ് കൊല്ലാമല - തെങ്ങുവിള റോഡ്. ഇങ്ങോട്ട് ഓട്ടോകൾ ഓട്ടം വിളിച്ചാൽ വരാറില്ല. ഏറെക്കാലമായി തുടരുന്ന യാത്രാ ദുരിതത്തിന് അറുതിയുണ്ടാക്കണമെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.