അരിപ്പ റവന്യൂ ഭൂമിയിലെ അനധികൃത മരംമുറി സംബന്ധിച്ച് കൊല്ലം വിജിലന്‍സ് സംഘം അരിപ്പ സമരഭൂമിയിലെത്തി വിവരശേഖരണം നടത്തുന്നു
കുളത്തൂപ്പുഴ: അരിപ്പ റവന്യൂ ഭൂമിയിലെ മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയ സംഭവത്തിൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിജിലൻസ് സംഘമെത്തി. ഭൂസമരക്കാർക്ക് സര്‍ക്കാര്‍ അനുവദിച്ച പട്ടയ ഭൂമിയില്‍ നിന്ന റബര്‍ മരങ്ങള്‍ കരാർ കൊടുത്ത് മുറിച്ചുനീക്കുന്നതിന്‍റെ മറവില്‍ റവന്യു ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തിയെന്നാണ് ആരോപണം. തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ ഭൂസമര ഭൂമിയില്‍ സർക്കാർ അസൈമെന്‍റ് അനുവദിച്ച് പട്ടയം വിതരണം ചെയ്ത ഭൂമിക്ക് പുറമെ പൊതുവഴിക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി റവന്യൂവകുപ്പ് മാറ്റിയിട്ട ഭൂമിയിലെ 247 റബര്‍ മരങ്ങളാണ് മുറിച്ചുകടത്തിയത്.
വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് കരാറുകാരായ രണ്ട് പേര്‍ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തിരുന്നു. അധികൃതരുടെ ഒത്താശയോടെ കൂടുതല്‍ മരംമുറി തട്ടിപ്പ് പ്രദേശത്ത് നടന്നതായുളള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. പട്ടയ വിതരണ സമയത്ത് റവന്യൂവകുപ്പ് എണ്ണി തിട്ടപ്പെടുത്തിയ റിസര്‍വ് മരങ്ങളായ ഈട്ടി, തേക്ക്, മരുതി, ആഞ്ഞിലി എന്നിവയിൽ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും സംഘം പരിശോധിച്ചു. പരിശോധന സംബന്ധിച്ച് കണ്ടെത്തിയ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന നിലപാടിലാണ് തിങ്കള്‍കിരിക്കം വില്ലേജ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.