അഭിജിത്ത്
കൊല്ലം: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രികരിച്ച് യാത്രക്കാരുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ എന്നിവ തന്ത്രപരമായി മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പരവൂർ സ്വദേശി അഭിജിത്തിനെ(22) ആണ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, കൊല്ലം റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. പൊലീസിനെ കണ്ടപ്പോൾ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
പ്ലാറ്റ്ഫോമിൽനിന്ന് രാത്രി സമയങ്ങളിൽ നീങ്ങിതുടങ്ങുന്ന ട്രെയിനിൽനിന്ന് യാത്രക്കാരുടെ വിലയേറിയ സാധനങ്ങൾ അടങ്ങിയ ബാഗ് എടുത്ത് ചാടിപ്പോകുന്നതാണ് ഇയാളുടെ ശൈലി. കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ ട്രെയിനിൽ രാത്രി സ്ഥിരമായി മോഷണം പെരുകുന്നതിനിടെ നൂറിലധികം സി.സി ടി.വി പരിശോധിച്ച ശേഷമാണ് ഇയാളെ സംശയിക്കുന്നതും അന്വേഷണം നീണ്ടതും. ആന്ധ്രയിലും, തമിഴ്നാട്ടിലും, കേരളത്തിലും പ്രതിക്ക് സമാനമായ മറ്റനേകം കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞമാസം തൃച്ചിനാപ്പള്ളിയിൽ മോഷണത്തിന് പിടിയിലായ ഇയാളെ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോയ സമയം പൊലീസിനെ കബളിപ്പിച്ചു കടന്നിരുന്നു. പ്രതിക്ക് പോക്സോ, കഞ്ചാവ് കടത്തൽ, മോഷണം, പിടിച്ചുപറി മുതലായ അനേകം കേസുകൾ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങുന്ന പ്രതി സംസ്ഥാനം വിട്ടു പോവുകയും ആ ഭാഗങ്ങളിൽ മോഷണം നടത്തുകയുമാണ് ചെയ്തിരുന്നത്. കൊല്ലം പരവൂർ സ്വദേശിയായ ഇയാളുടെ മോഷണത്തിൽ വീട്ടുകാര്‍ക്കും പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരുന്നു. പ്രതിയുടെ കൈയിൽനിന്ന് ലാപ്ടോപ്, മൊബൈൽ ഫോണുകൾ, 65000 രൂപ എന്നിവ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.