പത്തനാപുരം: കറവൂർ വനമേഖലയോട് ചേർന്നുള്ള പെരുന്തോയിൽ ഭാഗത്ത് കഴിഞ്ഞ രാത്രിയിൽ കാട്ടാനക്കൂട്ടമിറങ്ങിയത് നാട്ടുകാരിൽ വീണ്ടും ഭീതി ജനിപ്പിക്കുന്നു. കറവൂർ -അലിമുക്ക് വനമേഖലയിൽ നിന്ന് രണ്ട് കാട്ടാനകളെ കാട് കയറ്റിയതിന് തൊട്ട് പിന്നാലെയാണ് പെരുന്തോയിൽ ക്ഷേത്രത്തോട് ചേർന്ന് മൂന്ന് കാട്ടാനകൾ പ്രത്യക്ഷപ്പെട്ടത്. തലപ്പാക്കെട്ട്, മൈക്കാമൺ മേഖലയിലാണ് കാട്ടാനക്കൂട്ടം റോഡിലിറങ്ങിയത്.
അലിമുക്ക് ജനവാസമേഖലയിൽ നിന്ന് രണ്ട് ദിവസം മുമ്പ് രണ്ട് കാട്ടാനകളെ വന്മള, ചാലിയക്കര ഉൾവനത്തിലേക്ക് തുരത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം തമ്പടിച്ച് ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിലൂടെയായിരുന്നു വനപാലക സംഘം ദൗത്യം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ മാറി പെരുന്തോയിൽ ഭാഗത്ത് കഴിഞ്ഞ പുലർച്ചെ വീണ്ടും കാട്ടാനക്കൂട്ടത്തെ കണ്ടത് നാട്ടുകാരിൽ വീണ്ടും ഭീതിയുളവാക്കിയിരിക്കുകയാണ്.
വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന പാതയിലൂടെ തന്നെയാണ് മൂന്ന് കൊമ്പന്മാർ നടന്നുനീങ്ങിയത്. തെന്മല, കോന്നി, പുനലൂർ ഡിവിഷനുകൾ ചേർന്ന് കിടക്കുന്നതാണ് പത്തനാപുരം റേഞ്ച് എന്നതിനാൽ കാട്ടാനകളെ പൂർണമായും തുരത്തുന്നത് എളുപ്പമാകില്ല എന്ന വിലയിരുത്തലിലാണ് വനം വകുപ്പ്.
അലിമുക്ക് ജനവാസമേഖലയിൽ നിന്ന് മാത്രമായി കാട്ടാനകളെ തുരത്തിയതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്നതിനിടെയാണ്, പെരുന്തോയിൽ ഭാഗത്ത് കാട്ടാനകളെ കണ്ടത്. ഇതിനാൽ പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തിപ്പെടാനും സാധ്യതയുണ്ട്.
ഈ ആഴ്ച തന്നെ സംഭവ സ്ഥലം സന്ദർശിക്കുമെന്ന് കലക്ടർ ആനി ജൂല തോമസ് ഉറപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കൊല്ലത്ത് നടന്ന ജില്ല വികസന സമിതിയോഗത്തിൽ ജ്യോതികുമാർ ചാമക്കാല എം.എൽ.എയുടെ പ്രതിനിധിയായി പങ്കെടുത്ത അഡ്വ. എം. ഷാൻ, രൂക്ഷമായ കാട്ടാന ശല്യത്തെ കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സ്ഥലം സന്ദർശിക്കാമെന്ന്കലക്ടർ ഉറപ്പ് നൽകിയത്. കലക്ടർ സന്ദർശിച്ച ശേഷം, വിവിധ ഡിവിഷനുകളെ ഏകോപിപ്പിച്ച് കൂടുതൽ നടപകളിലേക്ക് കടക്കാനാണ് ആലോചന. ഇതിനിടെ, പത്തനാപുരം കേന്ദ്രീകരിച്ച് ആർ.ആർ.ടി കേന്ദ്രം അനുവദിക്കണമെന്ന് ജ്യോതികുമാർ ചാമക്കാല എം.എൽ.എ വനം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.