മന്ത്രി ബിന്ദു കൃഷ്ണ ജില്ലാ ആശുപത്രി സന്ദർശിച്ചപ്പോൾ
കൊല്ലം: ജില്ലാ ആശുപത്രി വികസനത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കും. കിഫ്‌ബി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ, അടിയന്തരചികിത്സ യൂണിറ്റ്, പൊള്ളലേറ്റുണ്ടാകുന്ന അപകടങ്ങൾക്കുള്ള ചികിത്സകേന്ദ്രം എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഐ.സി.യു ആംബുലൻസ് സംവിധാനം ഒരുക്കും.
ഓക്സിജൻ പ്ലാന്റിന്റെ വിപുലീകരണവും ഇൻഷുറൻസ് കുടിശിക തീർപ്പാക്കലും പരിഗണനയിലാണ്. മണ്ണ് പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനിർമാണ പ്രവർത്തങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും. മൂന്ന് കെട്ടിട സമുച്ചയങ്ങളാണ് ആശുപത്രി വികസന ഭാഗമായി നിർമിക്കുന്നത്.
ഒമ്പത് നിലകളിലായി നിർമിക്കുന്ന വാർഡ് ടവർ, ഏഴ് നിലകളുള്ള ഡയഗണോസ്റ്റിക്ക് ബ്ലോക്ക്, രണ്ട് നിലകളുള്ള യൂട്ടിലിറ്റി ബ്ലോക്ക്. രോഗികൾക്കുള്ള മുറികൾ, വാർഡുകൾ, ഡെർമറ്റോളജി, ഗ്യാസ്‌ട്രോഎൻഡ്രോളജി, ഒപ്താൽമോളജി, ഡെന്റൽ ഉൾപ്പടെയുള്ള പല വിഭാഗങ്ങൾ ലിംബ് സെന്റർ, ഓർത്തോ ഒ.പി.ഡി, ഫാർമസി എന്നിവയാണ് ടവറിൽ ഒരുക്കുക. ക്യാൻസർ ചികിത്സ ഐ.പി, റേഡിയോതെറപ്പി, ബ്ലഡ് ബാങ്ക്, ലബോറട്ടറി, റേഡിയോളജി എന്നിവ ഡയഗണോസ്റ്റിക്ക് ബ്ലോക്കിൽ ഉണ്ടാകും. സൈക്യാട്രി, മെഡിക്കൽ റെക്കോഡ്സ് ലൈബ്രറി, മോർച്ചറി, സബ്സ്റ്റേഷൻ എന്നിവ യൂട്ടിലിറ്റി ബ്ലോക്കിലും ക്രമീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സ്ഥിരം സമിതി അധ്യക്ഷ ബി .ജയന്തി, ആരോഗ്യ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.