കൊല്ലം: സാമൂഹിക മാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷം കഠിനതടവും പിഴയും ശിക്ഷ. പാരിപ്പള്ളി വേളമാനൂർ രാജേഷ് ഭവൻ വീട്ടിൽ ശ്യാംകുമാറിനെ (26) ആണ് കൊല്ലം അതിവേഗ സ്പെഷൽ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം.
കേസിന്റെ വിചാരണ കാലയളവിൽ പ്രതി ഒളിവിൽ പോയിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 70000 രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസം അധികമായി വെറും തടവും അനുഭവിക്കണം. പ്രതി തുക ഒടുക്കുകയാണെങ്കിൽ മുഴുവനും അതിജീവതക്ക് നൽകണം. വിക്ടിം കൊമ്പൻസേഷൻ സ്കീമിൽനിന്ന് മതിയായ തുക നൽകുന്നതിന് ജില്ല ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി. പാരിപ്പള്ളി എസ്.എച്ച്.ഒ ആയിരുന്ന എ. അൽ ജബർ ആണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐമാരായ പ്രസന്ന ഗോപൻ, സെലീന മഞ്ജു എന്നിവർ പ്രോസിക്യൂഷൻ സഹായികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.