കൊല്ലം: ഒളിമ്പിക്സുവരെ പോയ കായികനേട്ടങ്ങളുടെ പാരമ്പര്യമുള്ള കൊല്ലത്ത് പുതുതലമുറ കായികപ്രതിഭകൾക്ക് സിന്തറ്റിക് ട്രാക്കിൽ ഓടാനുള്ള സ്വപ്നത്തിൽ ‘പുല്ലുവളരുന്നു’. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വന്തമായൊരു സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്നം കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പൂവണിഞ്ഞിട്ടും ജില്ലയിലെ കായികതാരങ്ങൾക്ക് ഗേറ്റിന് പുറത്തുനിന്ന് നോക്കിനിൽക്കാനാണ് വിധി. കോടികൾ ചെലവാക്കി ട്രാക്കിൽ വിരിച്ച സിന്തറ്റിക്കിന് മുകളിലേക്ക് വരെ പുല്ല് വളർന്നുതുടങ്ങിയിട്ടും തുടർച്ചയായ മൂന്നാമത്തെ വർഷവും ജില്ലയിലെ കൗമാരതാരങ്ങൾ ചരൽ മണ്ണിൽ ഓടി സ്കൂൾ കായികമേള പൂർത്തിയാക്കേണ്ട ഗതികേടാണ് ഇത്തവണയുമുള്ളത്.
എല്ലാവർഷവും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ പഴയകാല സിന്ദർട്രാക്കിലാണ് ജില്ല സ്കൂൾ കായികമേള നടന്നുവന്നത്. എന്നാൽ, 2023 ജൂണിൽ പുതിയ സിന്തറ്റിക് ട്രാക്ക് നിർമാണത്തിനായി സ്റ്റേഡിയം അടച്ചതോടെ മറ്റൊരു നല്ല സ്റ്റേഡിയം പേരിനുപോലും ഇല്ലാത്ത ജില്ലയിൽ സാധാരണ സ്കൂൾ ഗ്രൗണ്ടുകൾ ആണ് ജില്ല സ്കൂൾ കായികമേള നടത്താൻ കഴിഞ്ഞ രണ്ട് വർഷവും വിദ്യാഭ്യാസ വകുപ്പ് ആശ്രയിച്ചത്. 2023ൽ കല്ലുവാതുക്കലിൽ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടിലും 2024ൽ കൊട്ടാരക്കരയിൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലും പൊടിപാറുന്ന ചരൽമണ്ണിൽ ആണ് കുട്ടികൾ ഓടിയും ചാടിയും സംസ്ഥാനത്തേക്കുള്ള യോഗ്യത നേടിയത്.
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് വിരിക്കൽ പ്രവർത്തി ഉൾപ്പെടെ കഴിഞ്ഞ വർഷം തന്നെ പൂർത്തിയായതോടെ ഈ വർഷമെങ്കിലും സിന്തറ്റിക് ട്രാക്കിൽ പരിശീലനവും മത്സരവും നടത്തി മറ്റ് ജില്ലകളിലെ കുട്ടികളെ പോലെ മികച്ച നിലവാരത്തിൽ സംസ്ഥാന കായികമേളക്ക് പോകാൻ കാത്തിരുന്നിട്ടും രക്ഷയില്ല. ഈ വർഷവും കൊട്ടാരക്കരയിലാണ് ജില്ല സ്കൂൾ കായികമേള നടത്താൻ തീരുമാനം. സ്റ്റേഡിയത്തിന്റെ സ്ഥിതി അറിയാവുന്നതുകൊണ്ട് തന്നെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം ലഭ്യമാകുമോ എന്ന അന്വേഷണം നടത്തി ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് സമയം കളയേണ്ടി വന്നില്ല എന്നത് മാത്രം മെച്ചം.
സിന്തറ്റിക് ട്രാക്ക് നിർമാണം കഴിഞ്ഞ് പവലിയൻ നിർമാണവും നടത്തി കഴിഞ്ഞ ഫെബ്രുവരിയിൽ പവലിയൻ ഉദ്ഘാടനവും കോർപറേഷൻ നടത്തിയിരുന്നു. എന്നാൽ, പിന്നീട് ഫ്ലഡ് ലൈറ്റിന്റെയും ഫുട്ബാൾ ടർഫിന്റെയും പ്രാക്ടിസ് ട്രാക്കിന്റെയും നിർമാണം കൂടി ബാക്കിയായതോടെ അടച്ചിടൽ മൂന്നാം വർഷത്തിലേക്ക് കടന്നു. സ്റ്റേഡിയം കായികതാരങ്ങൾക്ക് കിട്ടാക്കനിയായി. സ്റ്റേഡിയം മുഴുവൻ കാടുപിടിച്ച് ഇഴജന്തുക്കൾ നിറഞ്ഞ സ്ഥിതിയായി. ഇത് ചർച്ചയായതോടെ ഇടക്ക് സായിയിലെയും മറ്റും കായികതാരങ്ങൾക്ക് പരിശീലനം നടത്താൻ വേണ്ടി തുറന്നുനൽകിയിരുന്നത് പോലും തുറക്കാത്ത സ്ഥിതിയായി.
ടാറിട്ട റോഡിൽ പരിശീലിക്കുന്ന സായി താരങ്ങളുടെ ദുരിതം പോലും അധികൃതർ കണ്ണുതുറന്നുകാണുന്നില്ല. സ്റ്റേഡിയം ഉടൻ വൃത്തിയാക്കാൻ മെഗാ ശുചീകരണ യജ്ഞം നടത്താൻ കോർപറേഷനിൽ തീരുമാനമായി ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഇതുവരെ നടപടി ആയിട്ടില്ല. കോടികൾ വിലയുള്ള സിന്തറ്റിക് ട്രാക്കിലേക്ക് കാടുപടർന്നാലും നാളുകൾ കഴിയവെ സിന്തറ്റിക് നശിച്ചാലും, അത് ഇവിടത്തെ കായികപ്രതിഭകൾക്ക് ഉപയോഗപ്രദമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ മനസുള്ള ആരുമില്ല എന്നത് കൊല്ലത്തിന്റെ കായിക പാരമ്പര്യത്തിന് തന്നെ നാണക്കേടായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.