കൊല്ലം: ജില്ലയിൽ ലഹരി മരുന്ന് കേസുകളിൽ ആശങ്കാജനകമായ വർധനവ്. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025 തുടക്കം മുതൽ ഈ ജൂലൈ അവസാനം വരെയുള്ള ഏഴ് മാസത്തിനിടെ മാത്രം 650 എൻ.ഡി.പി.എസ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കഞ്ചാവ് മുതൽ എം.ഡി.എം.എ വരെ വിവിധ തരത്തിലുള്ള ലഹരി മരുന്നുകളാണ് അധികം പിടികൂടിയത്. എം.ഡി.എം.എ ഉപയോഗവും വ്യാപനവും മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധികേസുകൾ കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഏഴ് മാസത്തിനിടെ 380.006 ഗ്രാം എം.ഡി.എം.എയും 41.137 ഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് വകുപ്പ് പിടിച്ചെടുത്തു. 88 ഓളം കഞ്ചാവു ചെടികളും കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം 186.510 ഗ്രാം നൈട്രോസെപാം ഗുളികകളും പിടികൂടിയിട്ടുണ്ട്. ലഹരിക്കെതിരായ നിരന്തര പരിശോധനകളും അന്വേഷണങ്ങളും ശക്തമാക്കിയിട്ടും ജില്ലയിൽ മയക്കുമരുന്നിന്റെ ഒഴുക്ക് തുടരുകയാണ്. കൂടുതൽ ലഹരി വസ്തുക്കൾ അന്തർ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളും സ്വകാര്യ വാഹനങ്ങൾ വഴിയാണ് എത്തുന്നത്.
മറ്റു ലഹരി പദാർഥങ്ങൾ പോലെ കൂടുതൽ അളവ് വേണ്ടാത്തതിനാൽ രാസലഹരിയായ എം.ഡി.എം.എ കടത്തുവാനും വിറ്റഴിക്കാനും പ്രതികൾക്ക് എളുപ്പമാണ്. കൗമാരക്കാർ ഉൾപ്പെടെയുള്ള യുവതലമുറയിലാണ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യാപകമാകുന്നത്. യുവതലമുറയിലുള്ള പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പിടിയിലാവുന്ന നിരവധി സംഭവങ്ങൾക്കാണ് പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ സാക്ഷ്യം വഹിക്കുന്നത്.
രഹസ്യവിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഓപറേഷനുകൾ മുഖേനയാണ് കൂടുതൽ കേസുകളും പ്രതികളും പിടിയിലാകുന്നത്. ജൂലൈ മാസത്തിൽ മാത്രം കൊല്ലം സിറ്റി പൊലീസ് 56 കേസുകളിൽ 58 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 115.789 ഗ്രാം എം.ഡി.എം.എ, 20.72 കിലോ കഞ്ചാവ്, 28.38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 1.11 ഗ്രാം നൈട്രോസെപാം ഗുളികകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ലഹരി വ്യാപനം തടയുന്നതിനായി സംയുക്ത സ്ക്വാഡുകളും സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവുകളും ജില്ലയിൽ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും എക്സൈസ്, പൊലീസ് വകുപ്പുകളിലെ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന കാരണമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.