കടുത്ത വേനൽ ചൂടിൽനിന്ന് രക്ഷതേടി രാത്രി കൊല്ലം ബീച്ചിൽ വിശ്രമിക്കുന്നവർ
കൊല്ലം: ചൂടുസഹിക്കാതെ ജനം രാത്രിയിൽ കിടക്കാൻ കടപുറത്തേക്കൊഴുകുന്നു. കനത്ത ചൂടുകാരണം എയർകണ്ടീഷൻ സംവിധാനമില്ലാത്ത സാധാരണക്കാരാണ് വീടുകളിൽ കിടന്നുറങ്ങാൻ കഴിയാതെ കൊല്ലം ബീച്ചിന്റെ പലഭാഗങ്ങളിൽ അഭയം തേടുന്നത്.
രാത്രി പത്തിനുശേഷം കൊല്ലം ബീച്ച് കുടുംബങ്ങളുടെ കിടക്കയായി മാറുകയാണ്. നൂറുകണക്കിന് പേരാണ് കഴിഞ്ഞ കുറച്ച് ദിവസമായി കടൽതീരം രാത്രിയിലെ കിടപ്പറയാക്കിയിട്ടുള്ളത്. പായുമായും ചിലർ കട്ടിൽ സഹിതം ബീച്ചിലെത്തുന്ന കാഴ്ചയാണ്. വാഹനങ്ങളിൽ പോലും രാത്രി കുടുംബത്തോടെ എത്തുന്നവരുണ്ടിവിടെ. ഉറക്കത്തിന് ശേഷം പുലർച്ചയാണ് മടക്കം. രാവിലെ അഞ്ചുമുതൽ ആറുവരെ ബീച്ചിൽ കിടന്നുറങ്ങുന്നവരും ധാരാളമുണ്ട്. വിയർത്തുകുളിച്ച് വീട്ടിൽ പോലും കിടക്കാൻ സാധിക്കാത്തവിധം ചൂടായതിനാലാണ് കൊച്ചുകുട്ടികൾ മുതൽ വയോധികർവരെ ബീച്ചിൽ ഉറങ്ങാനെത്തുന്നത്. സ്ത്രീകളും നിരവധി എത്തുന്നുണ്ട്. കടലിൽനിന്നടിക്കുന്ന തണുത്ത കാറ്റിൽ എല്ലാം മറന്നുറങ്ങാൻ ഇവർക്ക് കഴിയുന്നു.
കാറ്റുള്ളതിനാൽ കൊതുകുശല്യവുമില്ല. വീട്ടിലെ എയർകണ്ടീഷനുപോലും നൽകാൻ കഴിയാത്ത സുഖമുള്ള അന്തരീക്ഷമാണ് കൊല്ലം ബീച്ചിലുറങ്ങുമ്പോൾ ലഭിക്കുന്നതെന്ന് ജനം പറയുന്നു. ചില ദിവസങ്ങളിൽ നല്ല തണുപ്പാണ്. അതൊരു സുഖം തന്നെയാണെന്നും അവർ പറയുന്നു. കടലിന്റെ ശബ്ദവും ചന്ദ്രന്റെ വെളിച്ചവും ആ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു. തിരമാലകളുടെ ശബ്ദം ഗാഢമായ ഉറക്കത്തിലേക്ക് നയിക്കുന്നു.
മനസ്സിനും ശരീരത്തിനും വലിയൊരളവോളം ശാന്തതയും ആശ്വാസവും നൽകുന്ന അനുഭവമാണെന്നും ഇവിടുത്തുകാർ പറയുന്നു. എങ്കിലും, ബീച്ചിൽ ഉറങ്ങുമ്പോൾ സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ലൈഫ് ഗാർഡുകളുടെ നിർദേശമുണ്ട്. കടലിന്റെ തൊട്ടടുത്ത് ഉറങ്ങരുതെന്നതാണ് പ്രധാനനിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.