ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോയി തിരിച്ചുവന്ന ബോട്ടുകൾക്ക് ലഭിച്ച കിളി മീൻ

കിളിമീൻ രുചിയിൽ കൊല്ലം തീരം

കൊല്ലം: ട്രോളിങ് നിരോധനം കഴിഞ്ഞുള്ള ആദ്യദിനം കാലാവസ്ഥ കാറും കോളും കടൽക്ഷോഭവുമായി തിരിച്ചടിയായിരുന്നെങ്കിലും രണ്ടാം ദിനത്തിൽ മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളിലെ വലനിറച്ച് കിളിമീൻ. നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിങ്ങനെ ജില്ലയിലെ ഹാർബറുകളിൽ കുട്ടനിറച്ച് കിളിമീനുമായി മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. ചീലാവ്, കൊഴിയാള, കണവ ഇനം മീനുകളും പല ബോട്ടുകൾക്കും കിട്ടി.

കനത്ത കാറ്റും കടൽക്ഷോഭവും കാരണം ശനിയാഴ്ച മത്സ്യബന്ധന ബോട്ടുകൾക്ക് നിരാശയായിരുന്നു. ഭൂരിഭാഗം പേർക്കും മത്സ്യബന്ധനത്തിന് ഇറങ്ങാൻ സാധിച്ചില്ല. ഇറങ്ങിയവർ തിരികെവരേണ്ടിയും വന്നു. കാറ്റടങ്ങി കടൽ ഏറെക്കുറെ ശാന്തമായതോടെ ഞായറാഴ്ച പുലർച്ചെയോടെ കടലിൽ പോയ യന്ത്രവത്കൃത ബോട്ടുകളിൽ ആദ്യഘട്ട ബോട്ടുകൾ ആണ് രാവിലെ 10 മുതൽ തിരിച്ചെത്തിയത്. അഞ്ച് ബോട്ടുകൾ വരെയാണ് ആദ്യഘട്ടത്തിൽ തിരികെ എത്തിയത്.

കാലാവസ്ഥ വെല്ലുവിളി കാരണം കൂടുതൽ ഉൾക്കടലിലേക്ക് ബോട്ടുകൾ പോയില്ല. ഇതിനാൽ ട്രോളിങ് നിരോധനം കഴിഞ്ഞുള്ള ദിനങ്ങളിലെ ചാകരകാഴ്ചയായ കരിക്കാടി കൊഞ്ച് ഇത്തവണ വലകളിൽ നിറഞ്ഞില്ല. ഹാർബറുകളിൽ എത്തിയ ബോട്ടുകളിൽ നാല്- അഞ്ച് ലക്ഷം രൂപ വില വരുന്ന മീൻ കോള് ലഭിച്ചു. കിളിമീനിന് കിലോക്ക് 250 രൂപ വരെ വില ലഭിച്ചു.

വരും ദിവസങ്ങളിൽ കാലാവസ്ഥ മെച്ചെപ്പെട്ട് വറുതിക്കാലത്തെ നഷ്ടം നികത്തുന്ന തരത്തിൽ ചാകര വലയിൽ കയറും എന്ന പ്രതീക്ഷയിൽ സജീവമാണ് ഹാർബറുകളും മത്സ്യബന്ധമേഖലയും.

Tags:    
News Summary - കിളിമീൻ രുചിയിൽ കൊല്ലം തീരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.