ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ തകർന്ന് വീട്ടിലേക്ക് പതിച്ചപ്പോൾ
പത്തനാപുരം: കഴിഞ്ഞ രാത്രി പെയ്ത കനത്തമഴയിൽ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട് പൂർണമായി തകർന്നു. തലവൂർ പറങ്കിമാംമുകൾ കല്ലുവിള വടക്കേതിൽ സാമുവൽ കുട്ടിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവം.
ഉറങ്ങികിടക്കുകയായിരുന്ന സാമുവൽകുട്ടിയുടെ തലയിലേക്ക് വീടിന്റെ ഇഷ്ടിക വീണ് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമുവൽ കുട്ടിയുടെ ഭാര്യ ലിസിയുടെ നെറ്റിക്കും നിസ്സാര പരിക്കേറ്റു.
വലിയ ശബ്ദത്തോടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. വീടിനോട് ചേർന്ന് ഉയരത്തിൽ കെട്ടിപ്പൊക്കിയ ചുറ്റുമതിൽ പൂർണമായും ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഓട് പാകിയിരുന്ന വീടിന്റെ മേൽക്കൂര ഉൾപ്പെടെ താഴേക്ക് പതിച്ചു. അത്ഭുതകരമായാണ് സാമുവലും ലിസിയും രക്ഷപ്പെട്ടത്. അശാസ്ത്രീയമായി മതിൽ കെട്ടിപ്പൊക്കിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും തകർന്നു. വീടിനുള്ളിൽ അവശേഷിച്ച സാധനങ്ങൾ പുറത്തേക്ക് മാറ്റി.
വീടിന്റെ പല ഭാഗങ്ങളും തകർന്നതിനാൽ, പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ബിജു, തഹസീൽദാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.