കൊല്ലം: സാമ്പത്തിക ബാധ്യതയില്ലാതെ മിതമായ നിരക്കിൽ വിവാഹ പരസ്യങ്ങൾ നൽകിയിരുന്ന കുടുംബശ്രീ മാട്രിമോണിക്ക് ജില്ലയിൽ പൂട്ടുവീണ് വർഷങ്ങളായി. പത്താനപുരം ബ്ലോക്ക് പഞ്ചായത്തിലെ വിളക്കുടി അമ്പലം ജങ്ഷനിലാണ് ജില്ലയിലെ കുടുംബശ്രീ മാട്രിമോണി ബ്യൂറോ പ്രവര്‍ത്തിച്ചിരുന്നത്. കുടുംബശ്രീ പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്റെ കീഴിലായിരുന്നു പദ്ധതി.
പ്രവർത്തനം നിലച്ച് രണ്ടുമാസത്തിന് ശേഷം വീണ്ടും തുറക്കാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് പൂർണമായി പദ്ധതി അവസാപ്പിക്കുകയായിരുന്നു. നടത്തിപ്പുകാർ നിർത്തിയപ്പോൾ പിന്നീട് ആളെ ലഭിക്കാതെ വന്നതും പ്രതീക്ഷിച്ച വരുമാനം നേടാൻ കഴിയാഞ്ഞതുമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്നും അധികൃതർ പറയുന്നു. സ്ത്രീകള്‍ക്ക് സൗജന്യമായിട്ടായിരുന്നു രജിസ്ട്രേഷന്. പരുഷന്മാര്ക്ക് ഒരു വര്‍ഷത്തേക്ക് 1000 രൂപയും.
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മാട്രിമോണിയുടെ സേവനം പ്രയോജനപ്പെടുത്താം എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ മാട്രിമോണിയലിൽ രണ്ടായിരത്തിലധികംപേര്‍ രജിസ്റ്റര്‍ ചെയ്യുകയും നിരവധി പേർ ജീവിത പങ്കാളികളെ കണ്ടെത്തുകയും ചെയ്തിരുന്നു. വെബ്സൈറ്റ് വഴിയും വിളക്കുടി അമ്പലമുക്കിലെ ഓഫിസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുമാണ് ഉണ്ടായിരുന്നത്. ഞായര്‍ ഒഴികെ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു ഓഫീസിന്റെ പ്രവര്‍ത്തനം.
2016ൽ തൃശൂർ ജില്ലയിലായിരുന്നു പദ്ധതിയുടെ ആദ്യ തുടക്കം. രണ്ടാമത്തെ ജില്ലയായിരുന്നു കൊല്ലം. മറ്റു മാട്രിമോണി സൈറ്റുകളിൽനിന്നും രജിസ്റ്റര്‍ ചെയ്യുന്നവരുടെ പ്രൊഫൈലിലെ ആധികാരികത കുടുംബശ്രീ നെറ്റ്വര്‍ക്ക് വഴി ഉറപ്പ് വരുത്താന്‍ സാധിക്കുന്നതിനാലാണ് പദ്ധതിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തത്.
ജാതിമത ഭേദമന്യേ നിരവധിപേർ പദ്ധതിയിൽ പങ്കാളികളായിരുന്നു. പദ്ധതിക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചിട്ടും പച്ചപിടിക്കും മുമ്പേ കുടുംബശ്രീ മാട്രിമോണിക്ക് പൂട്ടുവീഴുകയായിരുന്നു. പദ്ധതി വീണ്ടും സജീവമാക്കാനുള്ള ചർച്ചകൾ കഴിഞ്ഞവർഷം നടന്നിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.