കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ തേവലപ്പുറം മിനി സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനം തുടങ്ങി. ഒരു പഞ്ചായത്തിൽ ഒരു കളി സ്ഥലം എന്ന കാഴ്ചപ്പാടിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമിക്കുന്നത്. കായികവകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം.
രണ്ടരപതിറ്റാണ്ടുമുമ്പാണ് തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്ര ചിറയുടെ സമീപത്തായി മിനി സ്റ്റേഡിയം നിർമിക്കാൻ ആലോചന തുടങ്ങിയത്. മഴക്കാലമായാൽ ഇവിടം ചളിക്കുണ്ടാകും. മഴ മാറിയാലും ഏറെ നാൾ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. സ്ഥിതി മന്ത്രിയെ ബോധ്യപ്പെടുത്തിയപ്പോഴാണ് മിനി സ്റ്റേഡിയം നിർമിക്കാനായി തുക അനുവദിച്ചത്. 1.67 ഏക്കർ ഭൂമി ഇവിടെയുണ്ട്. ഭൂമി അളന്ന് അതിർത്തി നിശ്ചയിച്ചു.
വശങ്ങൾ കരിങ്കല്ലു കൊണ്ട് കെട്ടി സംരക്ഷണഭിത്തിയൊരുക്കുകയാണ്. കളിക്കാനുള്ള സ്ഥലം, ഗാലറി, ടോയ്ലറ്റ്, മിനി ഇൻഡോർ കളിസ്ഥലം, പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതകൾ തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങളാണ് സജ്ജമാക്കുക. രാത്രികാലങ്ങളിൽ കളിക്കാൻ ലൈറ്റിങ് സംവിധാനങ്ങളുമുണ്ടാകും.
മന്ത്രി കെ.എൻ. ബാലഗോപാൽ നിർമാണപ്രവർത്തനം ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ല പഞ്ചായത്തംഗം വി. സുമാലാൽ, ആർ.എസ്. അജിതകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.