കൊട്ടാരക്കരയിൽ നീലേശ്വരത്ത് അപകടത്തിൽപെട്ട ടിപ്പർ ലോറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കൊട്ടാരക്കര: സമയം രാവിലെ ഏഴോടെ അടുക്കുന്നു, എല്ലാവരും പതിവു പോലെ മുക്കോണി മുക്കിൽ ബസ് കയറാൻ എത്തി. സ്കൂളിലേക്ക് പോകാനുള്ള കുട്ടികളും, ജോലി സ്ഥലങ്ങളിലേക്ക് പോകാനുള്ളവരുമൊക്കെയുണ്ട്. ദൂരെനിന്ന് തങ്ങൾ സ്ഥിരമായിപോകുന്ന ബസ് വരുന്നത് കണ്ട്, എല്ലാവരും ജങ്ഷനിലേക്ക് ഒരുമിച്ചു. പെട്ടെന്നാണ് ഓടനാവട്ടം, അമ്പലപ്പുറം റോഡിൽനിന്ന് കൊട്ടാരക്കര റോഡിലേക്ക് ടിപ്പർ നിയന്ത്രണംവിട്ട് പാഞ്ഞു കയറുന്നത്. ആദ്യം ഹരിലാൽ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ടിപ്പർ ഇടിച്ച് മറിയുകയായിരുന്നു. ഹരിലാലിനൊപ്പം ബസ് കയറാൻ നിന്നവരും ടിപ്പറിനും മണ്ണിനും അടിയിൽപ്പെട്ടു. കുറച്ചുപേർ അലറി വിളിച്ച് ഓടി മാറി.
പെട്ടെന്ന് ഓടിക്കൂടിയ നാട്ടുകാർ ആദ്യം രക്ഷിച്ചെടുത്ത ഒന്നുരണ്ടു പേരെ ഒാട്ടോറിക്ഷയിലും സ്കൂട്ടറിലുമൊക്കെയായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പോയി. മുക്കോണി മുക്കിൽ ഇതുവരെ ചെറിയൊരു അപകടം പോലും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓടനാവട്ടം - അമ്പലപ്പുറം റോഡ് കൊട്ടാരക്കര റോഡിലേക്ക് ഇറങ്ങുന്നതിന് മുമ്പ് നേരത്തേ ''ഹമ്പ് '' ഉണ്ടായിരുന്നു. റോഡ് പണി കഴിഞ്ഞപ്പോൾ അത് പൊളിച്ചു മാറ്റി. നിരവധി തവണ ഹമ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പി.ഡബ്ല്യു.ഡിക്ക് പരാതി നൽകിയിരുന്നതാണ്. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തിന്റെ ദൃക്സാക്ഷി അനശ്വരൻ ‘മാധ്യമ’ത്തോട് കാര്യങ്ങൾ വിശദീകരിക്കുന്നു
നടുക്കുന്ന അനുഭവങ്ങൾ ‘മാധ്യമ’ ത്തോട് വിശദീകരിക്കുമ്പോൾ സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന മാവിള വടക്കേതിൽ അനശ്വരന്റെ (16) കണ്ണ് നിറഞ്ഞു. രാവിലെ പ്രഭാത ഭക്ഷണം വാങ്ങാൻ മുക്കോണിമുക്കിൽ എത്തിയതായിരുന്നു അനശ്വരൻ. അയൽവാസി കൂടിയായ അജയൻ ആചാരിയെ കണ്ട് ചിരിച്ചതും,സുഹൃത്ത് കൂടിയായ പാർഥികിനെ കൈവീശി കാട്ടിയതുമൊക്കെ അനശ്വരൻ ഇടറുന്ന വാക്കുകളിലൂടെ വിശദീകരിച്ചു. അവർ രണ്ടും ഇനി ഈ ലോകത്ത് ഇല്ല എന്ന ചിന്ത അലട്ടുന്നു. എന്തു ചെയ്യണമെന്നറിയാതെ അലമുറയിട്ട് കരയാനേ തനിക്ക് കഴിഞ്ഞുള്ളൂ. രാവിലെ ഉച്ചത്തിലുള്ള ശബ്ദം കേട്ടുകൊണ്ടാണ് കാർത്തികയിൽ അജീഷ ജോർജ് വീടിന് പുറത്തേക്ക് വന്നത്. അങ്ങനെ മുക്കോണി മുക്ക് ഗ്രാമം ഉണർന്നത് തന്നെ നീറുന്ന വേദനകൾ നെഞ്ചേറ്റിക്കൊണ്ടാണ്.
പതിവുപോലെ അച്ഛന്റെ കൂടെയായിരുന്നു മകളുടെ യാത്ര.. വീട്ടിൽ നിന്നുമിറങ്ങി മുക്കോണി മുക്കിൽ എത്തുന്ന അഞ്ഞൂറ് മീറ്റർ ദൂരത്തിനിടെ അച്ഛൻ തന്നെ എന്നെന്നേക്കുമായി വിട്ടുപോകുമെന്ന് ഒരിക്കലും അവൾ പ്രതീക്ഷിച്ചില്ല. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കൽ എൻജിനീയർ അനഘ ഭവനിൽ അജയൻ ആചാരിയുടെ മരണം നോക്കി നിൽക്കാനേ ഇളയ മകൾ ആവണിക്ക് കഴിഞ്ഞുള്ളൂ. അങ്കിളേ... അച്ഛൻ പോയെന്ന് പറഞ്ഞ് അടുത്ത വീട്ടിലേക്ക് അലർച്ചയോടെ ഓടിക്കയറിയ ആവണിയെ സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇനി സ്കൂളിലേക്ക് പോകുമ്പോൾ വീട്ടിൽനിന്നും കൈപിടിച്ചിറങ്ങാൻ അച്ഛനില്ലെന്ന് വിശ്വസിക്കാൻ അവൾക്ക് ആവുന്നില്ല.
എല്ലാ ദിവസവും അജയൻ ആചാരിയും മകൾ ആവണിയും വീട്ടിൽനിന്നും രാവിലെ ഒരുമിച്ചാണ് ഇറങ്ങുന്നത്. ഏഴിന് തൊട്ട് മുമ്പ് അവർ മുക്കോണി മുക്കിൽ എത്തി. പെട്ടെന്നാണ് ടിപ്പർ ലോറി വില്ലൻ വേഷത്തിൽ അവതരിച്ചതും, അച്ഛന്റെ ജീവൻ കൺമുന്നിൽ കവർന്നതും. ഞൊടിയിടയിൽ എല്ലാം അവസാനിച്ചു. തൊഴു കൈകളോടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആവണി, അച്ഛന്റെ ജീവനുവേണ്ടി പ്രാർഥിച്ചുവെങ്കിലും പകച്ചു നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.
കൊട്ടാരക്കര മേഖലയിൽ നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചിൽ നിത്യസംഭവമാണ്. അനധികൃത മണ്ണെടുപ്പ് ലോബി ഇവിടങ്ങളിൽ സജീവമാണ്. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇതു നടക്കുന്നത്. കൊട്ടാരക്കര താലൂക്ക് സഭയിൽ പലവട്ടം ഈ വിഷയം ഉന്നയിക്കപ്പെട്ടിട്ടും നിയന്ത്രിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഫിറ്റ്നസ് ഇല്ലാത്ത ടിപ്പറുകളും ഹെവി ലൈസൻസ് ഇല്ലാത്ത ലോറികളും മണ്ണ് കടത്താനുണ്ടെന്ന കാര്യം അധികൃതർക്ക് അറിയാമെങ്കിലും അവർ കണ്ണടച്ച് ഈ ലോബിയെ സഹായിക്കുകയാണ് ചെയ്യുന്നത്.
അപകട സ്ഥലത്ത് എത്തിയ ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒയെ നാട്ടുകാർ തടഞ്ഞപ്പോൾ
സ്കൂൾ വിദ്യാർഥികളുടെ സുരക്ഷിതത്വം പരിഗണിച്ച് രാവിലെ എട്ടു മുതൽ 10 വരെയും വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെയും ടിപ്പർ ലോറികളുടെ ഓട്ടത്തിന് നിരത്തുകളിൽ നിരോധനമുണ്ട്. സമയപരിധിക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കൂടുതൽ ട്രിപ്പുകൾ മണ്ണ് കടത്താനുംവേണ്ടിയാണ് ഈ മരണപ്പാച്ചിൽ നടത്തുന്നത്. ജില്ലയിൽ കരിങ്കൽ ഖനനം ഇപ്പോൾ കുറവായതിനാൽ പാറ വണ്ടികളുടെ പാച്ചിൽ കുറഞ്ഞെങ്കിലും മണ്ണും, പാറ ഉൽപന്നങ്ങളും കൊണ്ടുപോകുന്നതിൽ യാതൊരു കുറവുമില്ല. നീലേശ്വരത്ത് ചൊവ്വാഴ്ച മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അമിത വേഗത്തിൽ കൊട്ടാരക്കര മുനിസിപ്പൽ അതിർത്തിയായ അമ്പലപ്പുറത്തുനിന്ന് രാവിലെ മുക്കോണി മുക്കു വഴി ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പ്രവൃത്തി ദിവസം ആയതിനാൽ റോഡിൽ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും സൃഷ്ടിച്ച തിരക്കിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അമിത വേഗത്തിൽ വന്ന ടിപ്പർ അപകടം സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.