കൊല്ലപ്പെട്ട ആദർശ്, പ്രതി സുനിൽകുമാർ 

രാവിലെ മരണവീട്ടിൽനിന്ന് ചങ്ങാത്തം കൂടി, രാത്രി ഒന്നിച്ച് മദ്യപിച്ച് വാക്കുതർക്കം, ​പിന്നാലെ വെട്ടിക്കൊന്നു; കോട്ടാത്തലയിലേത് നടുക്കുന്ന കൊലപാതകം

കൊട്ടാരക്കര: മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് കൊട്ടാരക്കര കോട്ടാത്തലനിവാസികൾ. കോട്ടാത്തല മൂഴിക്കോട് ആദർശ് ഭവനിൽ ആദർശ് (30) ആണ് കൊല്ല​പ്പെട്ടത്. പ്രതി മൂഴിക്കോട് സുനിത വിലാസത്തിൽ സുനിൽകുമാറിനെ (41) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു.

ബുധനാഴ്ച രാത്രിയിലാണ് നാടി​നെ നടുക്കിയ സംഭവം. നിർമാണ തൊഴിലാളിയും അവിവാഹിതനുമായ സുനിൽകുമാർ ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച രാവിലെ സമീപത്തെ ഒരു മരണവീട്ടിൽ വെച്ചാണ് അയൽവാസിയായ ആദർശുമായി ചങ്ങാത്തം കൂടിയത്. തുടർന്ന് പുത്തൂർ ചുങ്കത്തറയിലെ ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി ഇരുവരും വൈകീട്ട് ആറോടെ സുനിലിന്റെ വീടിന്റെ സിറ്റൗട്ടിലിരുന്ന് മദ്യപിച്ചു.

മദ്യലഹരിയിലായതോടെ രാത്രി ഒമ്പതോടെ ഇരുവരും വാക്കുതർക്കത്തിലായി. സുനിൽ വീട്ടിലുണ്ടായിരുന്ന കോടാലിയുടെ ചുവടുഭാഗം ഉപയോഗിച്ച് ആദർശിനെ അടിച്ചു. നിലത്തുവീണ ആദർശ് വീണ്ടുമെഴുന്നേറ്റ് വെല്ലുവിളിച്ചപ്പോഴാണ് കോടാലി ഉപയോഗിച്ച് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം കോട്ടാത്തല വയലിൽക്കട ഭാഗത്തെ സഹോദരിയുടെ വീട്ടിൽ പോയശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രതി രാത്രി പതിനൊന്നരയോടെ പുത്തൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആദർശിന്റെ മൃതദേഹം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അശോകൻ- അശോകകുമാരി ദമ്പതികളുടെ മകനാണ് കൂലിപ്പണിക്കാരനായ ആദർശ്. സഹോദരി: അശ്വതി. പുത്തൂർ പൊലീസ് കേസെടുത്തു.

Tags:    
News Summary - shocking murder in Kottathala kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.