ചക്കുവള്ളി ചിറ
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ചക്കുവള്ളിയിൽ കൊല്ലം-തേനി ദേശീയപാതയുടെ ഓരം ചേർന്നുകിടക്കുന്ന ചക്കുവള്ളി ചിറ കേന്ദ്രീകരിച്ച് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോരുവഴി പഞ്ചായത്ത് ടൂറിസം മന്ത്രിക്ക് നിവേദനവും കരട് പദ്ധതി രൂപരേഖ സമർപ്പിച്ചു.
ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ തറയോടുപാകിയ നടപ്പാത, വഴിവിളക്കുകൾ, ബാരിക്കേഡുകൾ, ഓപൺ ജിംനേഷ്യം എന്നിവ ചക്കുവള്ളി ചിറയിലേക്ക് ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ചിറയുടെ കിഴക്കു ഭാഗത്തായി നിർമാണം പുരോഗമിക്കുന്ന കളിസ്ഥലവും ചക്കുവള്ളി ചിറയുടെ ഗ്രാമീണഭംഗിക്ക് മാറ്റുകൂട്ടുന്നു.
ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ചിറക്ക് ചുറ്റും മുഴുവൻ പ്രദേശങ്ങളിലും അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുകയും നടപ്പാതക്ക് ചുറ്റും കൈവരികളും കുട്ടികളുടെ പാർക്കും മത്സ്യകൃഷിയും പെഡൽ ബോട്ടുകൾ, കയാക്കിങ്, കഫ്ത്തീരിയ എന്നിവയൊക്കെ ചേരുന്ന സമഗ്രമായ ഗ്രാമീണ ടൂറിസം പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. വയ്യാങ്കര ഗ്രീൻ ഫോറസ്റ്റ് ടൂറിസ്റ്റ്കേന്ദ്രത്തിന്റെ അനുകരണീയമായ മാതൃകകൾ കൂട്ടിച്ചേർത്ത് സമഗ്ര ചക്കുവള്ളി ചിറ ടൂറിസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ. നായരുടെ നേതൃത്വത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥിന് നേരിട്ട് നിവേദനം സമർപ്പിച്ചു. കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂരിനും പഞ്ചായത്ത് നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.