കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി ഷിബു ബേബി ജോൺ സല്യൂട്ട് സ്വീകരിക്കുന്നു
കൊല്ലം: സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് മന്ത്രി ഷിബു ബേബി ജോൺ. ആശ്രാമം മൈതാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷ സമാനമായി രാജ്യത്ത് നിലനിൽക്കുന്നു. പ്രകൃതിദുരന്തങ്ങൾ വിട്ടുപോയിട്ടില്ലാത്ത പശ്ചാത്തലത്തിലെ സ്വാതന്ത്യദിനത്തിലും ദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കുകയാണ്. ദുരന്തമുഖത്തേക്ക് സ്വമേധയാ രംഗത്ത് എത്തിക്കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നാട് എന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെ കലക്ടർ ആനി ജൂല തോമസ് സ്വീകരിച്ചു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജി.എച്ച്.എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്.എസ്.എസ്, എസ്.പി.സി കൊല്ലം, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി. ജില്ല പൊലീസ് ആസ്ഥാനം റിസർവ് ഇൻസ്പെക്ടർ കെ. മഹേഷ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പ് സബ് ഇന്‍സ്‌പെക്ടര്‍ വി. ദിനേശായിരുന്നു സെക്കൻഡ് ഇന്‍ കമാൻഡന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സിറ്റി പൊലീസ് കമീഷണർ ഹേമലത, റൂറൽ എസ്.പി ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എ.കെ. ഹഫീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സബ് കലക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയാ സുകുമാരൻ, എ.ഡി.എം എസ്. സജീദ്, കൊല്ലം തഹസിൽദാർ എ.എസ്. അജിലാൽ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.