കൊല്ലം: ഓണവിപണിയിൽ നാടൻ പച്ചക്കറികൾക്കും പൂക്കളും നിറക്കാൻ കുടുംബശ്രീ വനിതാ കർഷകർ. ഓണക്കാലത്തെ വിപണി ആവശ്യകത മുന്നിൽക്കണ്ട് ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ 928 ഏക്കറിൽ വിപുലമായ കൃഷിയാണ് കുടുംബശ്രീ ജോയന്റ് ലയബിലിറ്റി ഗ്രൂപ്(ജെ.എൽ.ജി) അംഗങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. 11 ബ്ലോക്കുകളിലായി 3,651 ജെ.എൽ.ജി ഗ്രൂപ്പുകളാണ് ഇത്തവണ കൃഷിയിറക്കിയത്. കൃഷിയിടത്തിൽനിന്ന് നേരിട്ട് ഉപഭോക്താവിലേക്കെത്തിക്കുന്ന രീതിയിൽ ഓണച്ചന്തകൾ ഒരുക്കി നാടൻ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
നാടൻവിഭവങ്ങളുമായി ഓണച്ചന്തകളുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും. ജില്ലയിലെ 68 സി.ഡി.എസുകൾ ആണ് കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ തരിശുഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കിയും കൃഷിഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി വ്യാപിപ്പിച്ചത്.
ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടുന്ന പൂവിപണിയിൽ നാടൻ പൂക്കളുടെ ലഭ്യത വർധിപ്പിക്കാൻ ‘നിറപ്പൊലിമ’ പദ്ധതിയാണ് കുടുംബശ്രീ അവതരിപ്പിക്കുന്നത്. 597 ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 102.65 ഏക്കറിലാണ് പൂക്കൃഷി നടക്കുന്നത്. ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ലപ്പൂ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ പുതിയ പൂക്കൾ ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക വനിതാ കർഷകർക്ക് വരുമാനവും ഉറപ്പാക്കാനാകും. കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് നാടൻപൂക്കളുടെ നിറപ്പകിട്ടേകാനും പദ്ധതി ലക്ഷ്യമിടുന്നു.
ഓണസദ്യയിലെ പ്രധാന വിഭവങ്ങൾക്ക് ആവശ്യമായ നാടൻ കിഴങ്ങുവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 1,095 ജെ.എൽ.ജി ഗ്രൂപ്പുകൾ 360 ഏക്കറിൽ ചേന, ചേമ്പ്, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നു. ഓണസദ്യക്കും ഉപ്പേരി നിർമാണത്തിനും ആവശ്യമായ ഏത്തക്കായുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 985 ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 311 ഏക്കറിൽ ഏത്തവാഴ കൃഷിയും പുരോഗമിക്കുന്നു. ഇതിനു പുറമെ പടവലം, പാവൽ, വെണ്ട, വഴുതന, പയർ എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
974 ജെ.എൽ.ജി യൂനിറ്റുകൾ 155 ഏക്കറിലാണ് വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നത്. വിഷരഹിതമായി ഉൽപ്പാദിപ്പിക്കുന്ന ഈ കാർഷിക ഉൽപന്നങ്ങൾ ഓണച്ചന്തകളിലൂടെ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാനാണ് പദ്ധതി. കൃഷിവിസ്തൃതിയുടെ കാര്യത്തിൽ ശാസ്താംകോട്ട ബ്ലോക്കാണ് ജില്ലയിൽ ഒന്നാമത്. 523 ഗ്രൂപ്പുകൾ 129 ഏക്കറിൽ കൃഷി ചെയ്യുന്നു. 463 ഗ്രൂപ്പുകൾ 128 ഏക്കറിൽ കൃഷി നടത്തുന്ന കൊട്ടാരക്കരയാണ് തൊട്ടുപിന്നിൽ. മറ്റ് ബ്ലോക്കുകളിലെ കൃഷിവിസ്തൃതി: അഞ്ചൽ - 105 ഏക്കർ, ചടയമംഗലം - 104, ഇത്തിക്കര - 102, പത്തനാപുരം - 86, ചിറ്റുമല - 82, വെട്ടിക്കവല - 79, ഓച്ചിറ - 55, ചവറ - 32, മുഖത്തല - 26 ഏക്കർ.
കുടുംബശ്രീ അയൽക്കൂട്ടങ്ങളും ജെ.എൽ.ജി കർഷക ഗ്രൂപ്പുകളും ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ, പൂക്കൾ, മറ്റ് കാർഷിക ഉൽപന്നങ്ങൾ എന്നിവ നേരിട്ട് ശേഖരിച്ചാണ് ഓണച്ചന്തകളിലൂടെ വിപണനം നടത്തുക. ഓണച്ചന്തകൾ പ്രവർത്തിക്കുന്ന ഓരോ ദിവസവും വിവിധയിനം പച്ചക്കറികളുടെയും പൂക്കളുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി സി.ഡി.എസ് തലത്തിൽ പ്രത്യേക ഏകോപന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ ജെ.എൽ.ജി യൂനിറ്റുകളിലെ വിളവെടുപ്പ്, ശേഖരണം, സംഭരണം, വിതരണം എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്താണ് വിപണന സംവിധാനം ക്രമീകരിക്കുന്നത്.
കൃഷിയിടത്തിലെ വിളവെടുപ്പ് മുതൽ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതുവരെയുള്ള ഘട്ടങ്ങളിൽ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാൻ സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന അഗ്രി സി.ആർ.പിമാരുടെ സേവനം പ്രയോജനപ്പെടുത്തും. വിളവെടുപ്പ് സമയക്രമം, ഉൽപന്നങ്ങളുടെ ശേഖരണം, ഗ്രേഡിങ്, പാക്കിങ്, ഗതാഗതം, വിപണനം തുടങ്ങിയ ഘട്ടങ്ങളിൽ കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അഗ്രി സി.ആർ.പിമാർ നൽകും. ഉൽപന്നങ്ങൾ കേടുപാടുകൾ കൂടാതെ കൃത്യസമയത്ത് ഓണച്ചന്തകളിലെത്തിക്കുന്നതിനും ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.