കരുനാഗപ്പള്ളിയിൽ ഓണക്കാല ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ താലൂക്ക് ഓഫീസിൽ സി.ആർ മഹേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
കരുനാഗപ്പള്ളി: ഓണാഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി നഗരത്തിലുണ്ടാകുന്ന കടുത്ത ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ നിർണായക തീരുമാനമായി. ഹൈസ്കൂൾ ജങ്ഷനിൽ മുടങ്ങിപ്പോയ ഓടയുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കും. ദേശീയപാത നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ താൽക്കാലിക പാർക്കിങിനും യാത്രക്കാർക്കും സൗകര്യമൊരുക്കാൻ കരാർ കമ്പനിയായ വിശ്വസമുദ്രയോട് ആവശ്യപ്പെട്ടു. ഡിവൈഡറുകൾ മാറ്റിവെച്ച് സർവീസ് റോഡുകളുടെ വീതി കൂട്ടാനും സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും. ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ പ്രധാന ജങ്ഷനുകളിൽ ജനങ്ങൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും. അനധികൃത പാർക്കിങ്ങിനെതിരെ കർശന നിയമനടപടിയുണ്ടാകും.
മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രചരണം ശക്തമാക്കും. പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തും. പുള്ളിമാൻ ജങ്ഷൻ മുതൽ ലാലാജി ജങ്ഷൻ വരെ സ്ഥിരമായി ബോധവത്കരണ പ്രാചരണം നടത്താനും, ഓണക്കാലത്ത് തിരക്ക് കൂടാൻ സാധ്യതയുള്ള അഴീക്കൽ ബീച്ച്, വെള്ളനാതുരുത്ത് എന്നിവിടങ്ങളിൽ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനമായി.
സി.ആർ മഹേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് കർശന നടപടികൾക്ക് തീരുമാനമായത്. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ പി.സോമരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയശ്രീ തൃദീപ്, എൻ. കൃഷ്ണകുമാർ, ജയശ്രീ, പി.ഡി.അരുൺ രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ദീപാ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ് പുരം സുധീർ, തഹസിൽദാർ ബോസ് ഫ്രാൻസിസ്, വ്യാപാരി വ്യവസായി പ്രതിനിധികളായ സുധീർ ചോയ്സ്, രഞ്ജു ശേഖർ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ, ദേശീയപാത കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.