പോസ്റ്റുമോർട്ടം തടഞ്ഞു; ജില്ല ആശുപത്രി സർജനെതിരെ വീണ്ടും പരാതി

കൊല്ലം: കായലിൽ വീണ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ തയാറാകാതെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർേദശം നൽകുകയും ഇൻക്വസ്റ്റ് നടപടികൾക്ക് തടസം ഉന്നയിക്കുകയും ചെയ്തതായി ജില്ല ആശുപത്രിയിലെ സർജനെതിരെ വീണ്ടും ആക്ഷേപം. ഞായറാഴ്ച രാത്രി ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതാകുകയും ചൊവ്വാഴ്ച രാവിലെ കണ്ടെത്തുകയും ചെയ്ത തിരുവനന്തപുരം പാറശാല സ്വദേശിയായ മത്സ്യത്തൊഴിലാളി കിരണിന്റെ (28) മൃതദേഹമാണ് ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം തടഞ്ഞത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ജില്ല ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു. എന്നാൽ, ഈ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനോ ആശുപത്രിയിൽ വന്ന് നോക്കാനോ സർജൻ തയാറായില്ലെന്ന് മൃതദേഹത്തിനൊപ്പം എത്തിയ ബോട്ട് ഉടമയും യു.ഡി.എഫ് ഹാർബർ ഡിവിഷൻ കൺവീനറുമായ ഫ്രാൻസിസ് ജെയിംസ് പറഞ്ഞു.

ജില്ല ആശുപത്രി മോർച്ചറിയിൽ വെച്ച് ഇൻക്വസ്റ്റ് പൂർത്തിയാക്കാൻ ശക്തികുളങ്ങര പൊലീസ് നടപടി സ്വീകരിച്ചതിനെയും സർജൻ എതിർത്തു. മൃതദേഹം എത്തിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിയ പൊലീസ് ഇൻക്വസ്റ്റ് നടത്താനുള്ള നീക്കം നടത്തവെ, അതിന് അനുവദിക്കരുതെന്നും പാരിപ്പള്ളിയിൽ എത്തിച്ച് ഇൻക്വസ്റ്റ് ചെയ്യട്ടെ എന്ന തരത്തിൽ ആശുപത്രി ജീവനക്കാരോട് ഫോണിലൂടെ സർജൻ ആവശ്യപ്പെട്ടതായും ആണ് പരാതി. എന്നാൽ, ഉദ്യോഗസ്ഥരും മറ്റുള്ളവരും മുഴുവൻ പാരിപ്പള്ളിയിലേക്ക് പോകുന്നത് ഒഴിവാക്കാൻ സർജന്റെ തടസം വകവെക്കാതെ പൊലീസ് ജില്ല ആശുപത്രിയിൽ തന്നെ ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു. ജില്ല ആശുപത്രിയിൽ രണ്ട് മണിക്കൂറോളം ആണ് മൃതദേഹം സൂക്ഷിച്ചത്. ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്താനുള്ളത് താൽക്കാലിക കേന്ദ്രം ആണെന്നും ഒരു ദിവസം കഴിഞ്ഞ മൃതദേഹം ആയതിനാൽ ഗന്ധമുണ്ടാകുമെന്നും വിശദീകരണമാണ് സർജൻ നൽകിയതെന്ന് എന്നാണ് വിവരം.

എന്നാൽ, ബന്ധുക്കൾക്കും ഒപ്പമെത്തിയവർക്കുമെല്ലാം മനോവിഷമമുണ്ടാക്കുകയും വലക്കുകയും തരത്തിൽ ആണ് സർജൻ പെരുമാറിയതെന്നും ഈ സമീപനത്തിനെതിരെ ആരോഗ്യമന്ത്രി ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകുമെന്നും ഫ്രാൻസിസ് ജെയിംസ് പറഞ്ഞു. ജില്ല ആശുപത്രിയിൽ ഇത്തരത്തിൽ പോസ്റ്റുമോർട്ടം നടത്താൻ വിസമ്മതിക്കുന്നതും വൈകിക്കുന്നതും ഉൾപ്പെടെ നിരവധി പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു.

Tags:    
News Summary - Postmortem stopped; complaint again against district hospital surgeon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.