കൊല്ലം: ഒരൊറ്റ ദിവസം നാല് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ ഞെട്ടലിൽ ജില്ല. മൂന്ന് കേസുകളിൽ എലിപ്പനി ബാധിതരും ഒരു സാദാ പനിബാധയുമാണ് മരണത്തിലെത്തിച്ചത്. പനിയിൽ വിറച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും മുകളിലേക്കാണ്. തെന്മല, പവിത്രേശ്വരം, കല്ലുവാതുക്കൽ സ്വദേശികളാണ് കഴിഞ്ഞ ദിവസം എലിപ്പനിയെ തുടർന്ന് മരിച്ചത്.
ഇതിൽ ഒരാളുടെ മരണം എലിപ്പനിയാണെന്ന് ഉറപ്പിച്ചപ്പോൾ, മറ്റ് രണ്ട് കേസുകളിലും ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. തെലങ്കാനയിൽവെച്ച് പനി ബാധിച്ച് നാട്ടിലെത്തി ചികിത്സയിലായിരുന്ന തെന്മല സ്വദേശിയായ 23കാരിയുടെ മരണവും പനി ബാധ നിസാരമല്ലെന്ന് ഓർമിപ്പിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച മാത്രം 620 പേരാണ് പനിബാധിച്ച് ജില്ലയിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സതേടിയത്. 7966 പേരാണ് ആഗസ്റ്റ് ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെ പനിബാധിച്ച് ചികിത്സ തേടിയത് എന്നാണ് കണക്ക്. എലിപ്പനിയും ഡെങ്കിപ്പനിയും ഇടവിട്ടിടവിട്ട് രൂക്ഷമാകുന്ന സ്ഥിതിയാണ് നിലവിൽ ജില്ലയിലുള്ളത്. തുടർച്ചയായി പെയ്യാതെ ഇടക്കിടക്ക് മാത്രം പെയ്യുന്ന മഴയാണ് രണ്ട് രോധബാധയും ഉയർത്തുന്നതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.
കെട്ടിക്കിടക്കുന്ന വെള്ളമാണ് രണ്ട് രോഗങ്ങളും ഉയരാൻ ഇടയാക്കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന പനിബാധിതർ ഇവിടെ കുറവാണെങ്കിലും വരുംദിവസങ്ങളിൽ മഴ കൂടുകയാണെങ്കിൽ ഇവിടെയും പനി കേസുകൾ ഉയരാൻ സാധ്യതയേറെയാണ്.
വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചാൽ മാത്രമേ അപകടകരമാകുന്ന എലിപ്പനിയും ഡെങ്കിപ്പനിയും ഒഴിവാക്കാൻ കഴിയൂ. മലിന ജലത്തിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.