കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ല ആസൂത്രണ സമിതി യോഗം
കൊല്ലം: ജില്ലയിലെ തെരുവുനായ് പ്രശ്‌നം പരിഹരിക്കാന്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. ഇതിനായി സ്ഥലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കണമെന്നും യോഗം നിർദേശം നല്‍കി.
ജില്ലയിലെ വൃക്കരോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ജീവനം പദ്ധതിക്ക് വകയിരുത്തിയ തുക സമയബന്ധിതമായി ജില്ലാ പഞ്ചായത്തിന് കൈമാറാനും നിര്‍ദേശിച്ചു. ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ, മിശ്രവിവാഹ ധനസഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടെന്ന് ജില്ല ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അറിയിച്ചു.
ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 68 ഗ്രാമപഞ്ചായത്തുകള്‍, 10 ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍, കൊല്ലം കോര്‍പ്പറേഷന്‍, ജില്ല പഞ്ചായത്ത് ഉള്‍പ്പെടെ 84 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി അവലോകനവും നടത്തി. സംസ്ഥാനതലത്തില്‍ വാര്‍ഷികപദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ല രണ്ടാം സ്ഥാനത്താണെന്ന് യോഗം വിലയിരുത്തി. ജില്ല പ്ലാനിങ് ഓഫീസര്‍ എം.ആര്‍. ജയഗീത, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.