മരിച്ചയാളുടെ വാർധക്യ പെൻഷൻ പഞ്ചായത്തംഗം തട്ടിയെടുത്തു
പത്തനാപുരം: മരണമടഞ്ഞ ഗൃഹനാഥന്റെ പേരിലെത്തിയ വാർധക്യകാല പെൻഷൻ സി.പി.എം ഗ്രാമപഞ്ചായത്തംഗം തട്ടിയെടുത്തു. സംഭവം വിവാദമായതോടെ ബാങ്ക് ജീവനക്കാരിയെ കൊണ്ട് തുക തിരിച്ചടപ്പിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
നിയമനടപടിക്ക് പാർട്ടി തയാറായില്ലെങ്കിൽ രാജിവെക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്ത് വന്നു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗവും, സർവീസ് സഹകരണ ബാങ്കിലെ താൽകാലിക ജീവനക്കാരനുമായ ദീക്ഷിതിനെതിരെയാണ് പരാതി. വട്ടക്കാല വാർഡിലെ മാലൂർ മുരുപ്പേൽ പുത്തൻ വീട്ടിൽ എം. താജുദീൻ (73) കഴിഞ്ഞ ജൂലൈ 30ന് മരിച്ചു. നാളിതുവരെ മരണം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തില്ല. നാല് ദിവസത്തിന് മുമ്പാണ് താജുദീന്റെ ഭാര്യ, മരണം രജിസ്റ്റർ ചെയ്യണമെന്ന് വട്ടക്കാല മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതനുസരിച്ച് മെമ്പർ പഞ്ചായത്തിൽ എത്തിയപ്പോഴാണ് ആഗസ്റ്റ് മാസവും വാർധക്യപെൻഷൻ കൈപ്പറ്റിയ കാര്യം അറിയുന്നത്.
പഞ്ചായത്ത് അധികൃതർ വീട്ടുകാരെ ബന്ധപ്പെട്ടപ്പോൾ ആരും പെൻഷൻ വാങ്ങിയിട്ടില്ലെന്ന് അറിയിച്ചു. സ്ഥിരമായി പെൻഷൻ വിതരണം ചെയ്യുന്ന ദീക്ഷിത് തിരികെ പണമടച്ച് രക്ഷപെടാൻ നോക്കിയത്. ഇതിനായി ഇന്ത്യൻ ബാങ്കിലെ താൽകാലിക ജീവനക്കാരിയുടെ അക്കൗണ്ടിൽനിന്ന് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ സഹായത്തോടെ താജുദീന്റെ അക്കൗണ്ടിലേക്ക് പണം തിരികെ അടച്ചു.
മരണം രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് ആഗസ്റ്റിൽ വന്ന 2000 രൂപയാണ് ദീക്ഷിത് കൈക്കലാക്കിയത്. പരാതി ഒതുക്കിതീർക്കാൻ ഭരണകക്ഷിയിൽ നിന്നുൾപ്പെടെ ശ്രമം ആരംഭിച്ചതോടെ കോൺഗ്രസിലെ ചില അംഗങ്ങൾ രാജിഭീഷണി മുഴക്കിയതായും സൂചനയുണ്ട്.
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചൻകുഞ്ഞ് അറിയിച്ചു. ശനിയാഴ്ച മണ്ഡലം കമ്മിറ്റി കൂടി തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.