കനാലിൽനിന്ന് കണ്ടെടുത്ത കാട്ടാനയുടെ കൊമ്പ്
അടി തെറ്റിയാൽ ആനയും...കനാലിൽ വീണ് കാട്ടാനയുടെ കൊമ്പ് ഒടിഞ്ഞു
പുനലൂർ: കനാലിൽ വീണ് കാട്ടാനയുടെ കൊമ്പ് ഒടിഞ്ഞു. എന്നാൽ പരിക്കേറ്റ ആനയെ കനാലിലോ പരിസരത്തോ കണ്ടെത്താനായില്ല. കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിൻ കനാലിന്റെ ചാലിയക്കര അക്വേഡേറ്റ് പാലത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ നാട്ടുകാർ ആനക്കൊമ്പ് കണ്ടത്. കനാലിന്റെ വശത്ത് ആനയുടെ കാൽപ്പാടുകളും കണ്ടെത്തി. കനാൽവശം കുറെ ഭാഗം ഇടിഞ്ഞിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പനാട് മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഡെപ്യൂട്ടി റേഞ്ചർ ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ എത്തി. നാട്ടുകാരുടെ സഹായത്തോടെ കൊമ്പ് കനാലിൽനിന്നും പുറത്തെടുത്തു.
നാലര കിലോ തൂക്കവും 75 സെന്റീമീറ്റർ നീളമുള്ള കൊമ്പ് അമ്പനാട് ഫോറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിസരപ്രദേശങ്ങളിൽ വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കൊമ്പ് നഷ്ടപ്പെട്ട ആനയെ കണ്ടെത്തിയില്ല. എന്നാൽ പരിസരത്ത് ആനയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ചാലിയക്കര, ഉപ്പുകുഴി തുടങ്ങിയ പരിസരത്തെ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. കൃഷി നാശവും പതിവാണ്. സമീപത്തെ കടശ്ശേരിയിൽ കഴിഞ്ഞയാഴ്ച തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയായ വയോധികയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.