ജില്ല ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ആംബുലൻസ്
കൊല്ലം: നഗരത്തിൽ ഏറ്റവുമധികം രോഗികളെത്തുന്ന ജില്ല ആശുപത്രിക്കും ചികിത്സ വേണം. ആശുപത്രിയിലെ രോഗികളുടെ ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾപോലും അവിടെ നടക്കുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. അപകടത്തിൽപ്പെട്ട ആംബുലൻസ് കാട്ടിനുള്ളിൽ വിശ്രമത്തിലായിട്ട് നാളുകളായി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ 2017-18 പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയതാണ് ആംബുലൻസ്. ഏകദേശം ഒന്നരലക്ഷം രൂപ മതി ഇത് പൂർവ സ്ഥിതിയിലാക്കാൻ. എന്നാൽ, ആംബുലൻസിന്റെ തകരാർ പരിഹരിക്കാനോ മറ്റു നടപടി സ്വീകരിക്കാനോ ആശുപത്രി അധികൃതർ തയാറാകുന്നില്ല.
രണ്ട് ഓപറേഷൻ തിയറ്ററിലേക്കുള്ള ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് വർഷത്തോളമായി. ഓപറേഷൻ തിയറ്ററിനോട് ചേർന്ന് സർജറി കഴിഞ്ഞ രോഗികളുമായി എസ്.ഐ.സി.യുവിലേക്ക് പോകാൻ ഉപയോഗിക്കുന്ന പ്രത്യേക ലിഫ്റ്റാണ് വർഷങ്ങളായി അവതാളത്തിലായത്. ഓപറേഷൻ കഴിഞ്ഞ രോഗികളെ ഇപ്പോൾ മെയിൻ ലിഫ്റ്റ് വഴിയാണ് ഒന്നാം നിലയിൽനിന്ന് മുകളിലെ എസ്.ഐ.സി.യുവിലേക്ക് എത്തിക്കുന്നത്. പൊതുജനങ്ങളും രോഗികളും ഒരുപോലെ ഉപയോഗിക്കുന്ന ഈ ലിഫ്റ്റ് വഴി ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് രോഗസുരക്ഷയെ ബാധിക്കുന്നതായാണ് ആശുപത്രിയിലെത്തുന്നവർ പറയുന്നത്.
വാർഡുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം ആശുപത്രിയുടെ മെയിൻഗേറ്റിന് പുറത്തു മാൻഹോൾ പൊട്ടി പുറത്തുവരുന്നത് ഒഴിവാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള ഒ.പി സിസ്റ്റം മിക്ക ദിവസങ്ങളിലും തകരാറിലാണ്. നെറ്റ് കണക്ഷൻ തകരാറാകുന്നതുകാരണം രോഗികൾ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ആറ് ഒ.പി സിസ്റ്റം പ്രവർത്തിക്കേണ്ട സ്ഥാനത്ത് രണ്ടോ മൂന്നോ സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. അതിനാൽതന്നെ ദിവസം ആശുപത്രിയിലെത്തുന്ന മൂവായിരത്തിലേറെ രോഗികൾ ഒ.പിയിൽ ക്യൂനിന്ന് വലയുകയാണ്. ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റിൽ കാലാവധി കഴിഞ്ഞ് പോകുന്ന തെറാപ്പിസ്റ്റുകൾക്ക് പകരം ആരെയും നിയമിക്കുന്നില്ല.
എച്ച്.എം.സി ജീവനക്കാരുടെ ഒഴിവുണ്ടെങ്കിലും ട്രെയിനികളാണ് കൂടുതലും തെറാപ്പിസ്റ്റുകളായി ജോലിചെയ്യുന്നത്. 21 സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 15 പേർ മാത്രമാണ് നിലവിലുള്ളത്. ഒഴിവുനികത്തുന്നതിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. ഉള്ള ജീവനക്കാരെ ഉപയോഗിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യണമെന്നാണ് സൂപ്രണ്ടിന്റെ തീരുമാനം. ആശുപത്രിയിലെ അടിസ്ഥാന സൗകര്യം തകരാറിലായതോടെ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം എ.ഐ.ടി.യു.സി ഉൾപ്പെടെ സംഘടനകൾ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.