ശാസ്താംകോട്ട: അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മൈനാഗപ്പള്ളി മിലാദി ഷരീഫ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിൽ എത്തിച്ച അയൺ ഗുളികകൾ ചൊവ്വാഴ്ച നോഡൽ ഓഫിസറായ അധ്യാപകൻ ക്ലാസിൽ എത്തി വിതരണം ചെയ്യുകയായിരുന്നു. കഴിക്കേണ്ട രീതികളെക്കുറിച്ച് വ്യക്തമായ നിർദേശം നൽകിയിരുന്നെങ്കിലും ഒരുകൂട്ടം കുട്ടികൾ മത്സരിച്ച് ഗുളിക കഴിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
തുടർന്ന് ഛർദിച്ച് കുട്ടികൾ കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ തന്നെ അധ്യാപകർ കുട്ടികളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രണ്ടുപേരെ ജില്ല ആശുപത്രിയിലേക്കും നാലുപേരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുട്ടികളുടെ നില തൃപ്തികരമാണ്. സംഭവം അറിഞ്ഞ് രക്ഷകർത്താക്കളും നാട്ടുകാരും സ്കൂളിൽ തടിച്ചുകൂടി.
ഗുളിക വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചും പ്രതിഷേധമുണ്ടായി. സ്ഥലത്ത് പോലീസും എത്തി. തുടർന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വർഗീസ് തരകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗം ഐ. ഷാനവാസ് തുടങ്ങിയവർ പ്രതിഷേധക്കാരുമായും സ്കൂൾ അധികൃതർ, ആരോഗ്യ വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ വീഴ്ചയെക്കുറിച്ച് അന്വഷിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.