കടയ്ക്കൽ: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 900 കിലോ നിരോധിത ലഹരി ഉത്പന്നം പിടികൂടി. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിതറ പുതുശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ ശേഖരിച്ചിരുന്ന പാൻമസാലയും ഇത് കടത്താൻ ഉപയോഗിച്ച രണ്ടു കാറുകളും പിടികൂടിയത്. സംഭവത്തിൽ കുമ്മിൾ തെറ്റിമുക്ക് സ്വദേശി നൗഫൽ മൻസിലിൽ നൗഫൽ എന്നയാളുടെ പേരിൽ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് നൗഫലും കൂട്ടാളിയും ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ ലഹരി വിൽപന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് പറഞ്ഞു. മുമ്പും ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് സംഘം കേസുകൾ എടുത്തിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ലഹരിവസ്തുക്കൾ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തിവരികയായിരുന്നു.
ഒരാഴ്ചയായി എക്സൈസ് സംഘം ഇയാളെ നിരീക്ഷണത്തിലായിരുന്നു. സ്കൂൾ, കോളജ് പരിസരങ്ങളിലെ ചെറുകടകളിലും മറ്റും ഇത്തരം ലഹരി വസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ബിൻസാഗർ,ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.