കൊട്ടിയം: ബംഗാൾ സ്വദേശികളെ ആക്രമിക്കാൻ മലയാളികൾക്ക് ക്വട്ടേഷൻ കൊടുത്ത അസം സ്വദേശി കൊട്ടിയം പൊലീസിന്റെ പിടിയിലായി. അസം മരീഗാവ് കച്ചാരി ബോറിയിൽ റോഷി ദുൽഹക്ക് ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 28ന് രാത്രിയിലാണ് കൊട്ടിയം പീടികമുക്കിൽ താമസിക്കുന്ന ബംഗാളികളെ ആക്രമിക്കാനായി മാടൻനട സ്വദേശിയായ ഷൈനിന് ക്വട്ടേഷൻ കൊടുത്തത്. ആക്രമിക്കാൻ വന്നവർ വീട് മാറി വേറെ ബംഗാൾ സ്വദേശികളെ ആക്രമിക്കുകയും മൊബൈൽ ഫോണും പണവും അപഹരിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ അഞ്ച് പ്രതികളെയും പൊലീസ് കണ്ടെത്തി റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ഷൈൻ പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് റോഷി ദുൽഹക്കാണ് ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് അറിയാൻ കഴിഞ്ഞത്.
സംഭവം കഴിഞ്ഞ് ഇയാൾ കോഴിക്കോട്ടേക്ക് മുങ്ങി. അവിടെ താമസിച്ചുവരവേ സുഹൃത്തിനെയും ഭാര്യയെയും ആക്രമിച്ച കേസിൽ ജയിലിലാവുകയും ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിച്ചുവരികയായിരുന്നു. ഇയാൾ കോഴിക്കോട് ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് കൊട്ടിയം എസ്.എച്ച്.ഒ പ്രദീപിന്റെ നിർദേശപ്രകാരം എസ്.ഐ നിധിൻ നളന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയമിച്ചു. മൂന്നുപേർ അടങ്ങുന്ന പൊലീസ് സംഘം കോഴിക്കോടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റോഷി ദുൽഹക്ക് നേരത്തെ ആശ്രാമത്തായിരുന്നു താമസിച്ചുവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.